Site icon Malayalam News Live

കോട്ടയത്തുനിന്ന് നാടുകടത്തിയ കാപ്പ കേസ് പ്രതിയെ കൊല്ലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ; ശാരീരികമായും മാനസികമായും ഉപദ്രവം കൂടിയതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് പ്രതിയുടെ മൊഴി

അരൂർ: കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തിയ കാപ്പ കേസ് പ്രതിയെ കൊല്ലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കോടംതുരുത്ത് പഞ്ചായത്ത് ഒമ്പതാം വാർഡില്‍ കുത്തിയതോട് പുന്നവേലി നികര്‍ത്ത് വീട്ടില്‍ പ്രേംജിത്തിനെ (23) നെയാണ് പോലീസ് പിടികൂടിയത്.

ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്നത് പ്രമുഖ ക്രിമിനല്‍ അഭിഭാഷകൻ ജോണി ജോർജ് പാംപ്ലാനി ആണ്. കൊല്ലപ്പെട്ട കോട്ടയം സ്വദേശിയായ ജയകൃഷ്ണനും പ്രതിയായ പ്രേംജിത്തും അരൂരിൽ പൊറോട്ട കമ്പനിയിലെ ജോലിക്കാരായിരുന്നു.

വിവിധ സ്ഥലങ്ങളിലേക്ക് പൊറോട്ട വിതരണം ചെയ്യുന്ന ജോലിയായിരുന്നു ജയകൃഷ്ണന്. ജയകൃഷ്ണൻ ഓടിക്കുന്ന വാഹനത്തിലെ സഹായിയാണ് പ്രേംജിത്. ജയകൃഷ്ണന്റെ പേരില്‍ നിരവധി കേസുകളാണ് കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റർ ചെയ്തിട്ടുളളത്.

മോഷണം, പിടിച്ചുപറി, കൊലപാതകശ്രമം മുതലായ കേസുകളില്‍ പ്രതിയായിരുന്നു ജയകൃഷ്ണൻ. ഇതിനെ തുടർന്നാണ് ജയകൃഷ്ണൻ കാപ്പ നിയമപ്രകാരം നാട്ടുകടത്തപ്പെട്ടത്. ജോലിയ്ക്ക് പോകുന്ന സമയത്ത് ജയകൃഷ്ണൻ പ്രേംജിത്തിനെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയും ചെയ്യാറുണ്ട്. കൂടാതെ കേസുകളില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതക കാരണമെന്ന് പോലീസ് അറിയിച്ചു.

ജയകൃഷ്ണനെ തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന കമ്ബിപ്പാര കൊണ്ട് തലക്കടിച്ചും കത്തികൊണ്ട് മുതുകില്‍ കുത്തിയുമാണ് കൊലപ്പെടുത്തിയത്. ഇരുവരും താമസിക്കുന്ന വീട്ടില്‍ വെച്ചായിരുന്നു സംഭവം. ജയകൃഷ്ണൻ ഉറങ്ങിക്കിടക്കവെയാണ് കൊലപ്പെടുത്തിയത്.

ശനിയാഴ്ച പുലർച്ച 4.30ഓടെ എരമല്ലൂർ എൻവീസ് ബാറിന് കിഴക്ക് വശമുള്ള ത്രീസ്റ്റാർ പൊറോട്ട കമ്ബനിയിലാണ് കൊലപാതകം നടന്നത്.

Exit mobile version