Site icon Malayalam News Live

സാമ്പത്തിക തർക്കം; ഭാര്യയെ കൊണ്ട് ഉത്സവ പറമ്പിലേക്ക് വിളിച്ചു വരുത്തി; ശേഷം യുവാവിനെ കാറിലിട്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: രണ്ടു പേര്‍ അറസ്റ്റില്‍

മലയിന്‍കീഴ്: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റ് ചെയ്തു.

മലയിന്‍കീഴ് സ്വദേശി രാഹുല്‍ ,കരകുളം സ്വദേശി വിജിത്ത് എന്നിവരെയാണ് വട്ടപ്പാറ പൊലീസ് പിടികൂടിയത്.
കേശവദാസപുരം സ്വദേശി ശ്യാമിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

പത്ത് ലക്ഷം രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതക ശ്രമത്തില്‍ കലാശിച്ചത്.
പ്രതികളിലൊരാളായ രാഹുലിന്റെ കൈയ്യില്‍ നിന്നും ശ്യാം പത്തുലക്ഷം രൂപ കടം വാങ്ങിയിരുന്നു. നാളേറെ കഴിഞ്ഞിട്ടും ഈ പണം ശ്യാം തിരികെ നല്‍കിയില്ല. പലതവണ ചോദിച്ചിട്ടും പണം കിട്ടാതായി. ഇതേ തുടര്‍ന്ന് ശ്യാമിനെ യുവാക്കള്‍ വിളിച്ച്‌ വരുത്തി ആക്രമിക്കുക ആയിരുന്നെന്ന് പൊലീസ് പറഞ്ഞു.

രാഹുലിന്റെ ഭാര്യയെ ഉപയോഗിച്ച്‌ ശ്യാമിനെ വട്ടപ്പാറയില്‍ ഉത്സവം നടക്കുന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു ആക്രമണം.
രാഹുലിന്റെ ഭാര്യ പറഞ്ഞതനുസരിച്ച്‌ വട്ടപ്പാറയിലേക്ക് ശ്യാമെത്തി. ഈ സമയം ആയുധങ്ങളുമായി കാത്തു നിന്ന പ്രതികള്‍ ശ്യാമിനെ വാഹനത്തില്‍ കയറി ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ ശ്യാം ചികിത്സയിലാണ്. ഇയാളുടെ പരാതിയില്‍ വട്ടപ്പാറ എസ്‌എച്ച്‌ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Exit mobile version