Site icon Malayalam News Live

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, ആകെ മരണം 14 ആയി

തൃശൂർ മുണ്ടത്തിക്കോട് ഇന്നലെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പിൽ 45കാരനായ പ്രവീൺ ആണ് മരിച്ചത്. ശസ്ത്രക്രിയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചത്. 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു പ്രവീൺ. പരിക്കേറ്റ പ്രവീണിന് ആന്തരിക രക്തസ്രവം ഉണ്ടായിരുന്നു. വെന്റിലേറ്ററിൽ രണ്ട് പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഇതോടെ ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. അതേസമയം ദുരന്തത്തിൽ മരിച്ച എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്. നാലുപേരുടെ സംസ്കാരം പൂർത്തിയായി.

അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്. കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. നാളെയും കുട്ടംകുളം പാടത്ത് തിരച്ചിൽ തുടരാനാണ് തീരുമാനം. നാല് പേരെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. ദുരന്ത പശ്ചാത്തലത്തിൽ തൃശൂർ പൂരം ആഘോഷമില്ലാതെ നടത്താനാണ് ആലോചന.

ഇന്നലെ വൈകുന്നേരമാണ് തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം ഉണ്ടായത്. 13 പേരായിരുന്നു ഇന്നലെ അപകടത്തിൽ മരിച്ചത്. 10 പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. അതേസമയം മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രികളുടെ പൊട്ടിത്തെറിയിൽ ചൂട് അപകടത്തിന് കാരണം ആയിട്ടില്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തി. ശരീര ഭാഗങ്ങൾ തേടിയുള്ള പരിശോധന പൂർത്തിയായി. കുളത്തിലെ പരിശോധനയിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രെറ്റ് പരിശോധന കഴിഞ്ഞു. അപകട കാരണം എന്താണ് എന്നതിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകം ആകും.

Exit mobile version