മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മുണ്ടത്തിക്കോട് മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ബേൺസ് ഐസിയുവിൽ ചികിത്സയിലായിരുന്നു സതീശൻ. അപകടം നടന്ന ദിവസം മുതൽ സതീശൻ തൃശ്ശൂരിലെ മെഡിക്കൽ കോളേജ് ബേൺസ് ഐസിയുവിൽ ചികിത്സയിലായിരുന്നു. സതീശന് 100 ശതമാനത്തോളം പൊള്ളൽ ഏറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്ന ആളായിരുന്നു സതീശൻ മുണ്ടത്തിക്കോട്. വർഷങ്ങളായി ഈ മേഖലയിൽ ജോലി ചെയ്യുന്നയാളാണ്. മൂന്ന് വർഷത്തിലധികമായി തിരുവമ്പാടിയുടെ പൂരം ലൈസൻസിയായിരുന്നു സതീശൻ. ഇതോടെ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരണം 15 ആയി.
വെടിക്കെട്ട് നിർമ്മാണ പ്രവർത്തനങ്ങളിൽ 13 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ടായിരുന്ന ആളാണ് സതീശൻ. 2024ൽ തൃശൂർ പൂരത്തിലെ ആദ്യ സൗഹൃദ വെടിക്കെട്ട് ഒരുക്കിയത് സതീശനായിരുന്നു. പാറമേക്കാവിനും തിരുവമ്പാടിക്കുമായാണ് അന്ന് വെടിക്കെട്ട് ഒരുക്കിയത്. പിതാവ് മണിപാപ്പൻ്റെ പാത പിന്തുടർന്നാണ് സതീശൻ വെടിക്കെട്ട് രംഗത്തേയ്ക്ക് വന്നത്. വർഷങ്ങളായി തിരുവമ്പാടി വിഭാഗത്തിന്റെ ലൈസൻസിയായിരുന്നു മണിപാപ്പൻ. അച്ഛന്റെ മരണത്തെ തുടർന്നാണ് സതീശൻ വെടിക്കെട്ട് നടത്തിപ്പ് ഏറ്റെടുത്തത്. മണി ഫയർവർക്സ് എന്ന പേരിലാണ് ഇവരുടെ വെടിക്കെട്ട് നിർമ്മാണശാലയുടെ ലൈസൻസ്. നെന്മാറ-വല്ലങ്ങി വേല വെടിക്കെട്ടിനും നേതൃത്വം നൽകിയത് മണി ഫയർവർക്സാണ്. ഇത്തവണ തിരുവമ്പാടി ദേവസ്വത്തിനുവേണ്ടി മാത്രമാണ് സതീശൻ വെടിക്കെട്ട് ഒരുക്കിയത്.
