മുണ്ടക്കയം: യൂറോപ്യൻ രാജ്യങ്ങളില്‍ ആകർഷകമായ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ വീസ തട്ടിപ്പ് നടത്തിയ ട്രാവല്‍ ഏജൻസി ഉടമ ഒളിവില്‍.
‘ഓർക്കിഡ് കണ്‍സള്‍ട്ടൻസി’ എന്ന സ്ഥാപനത്തിന്റെ ഉടമയായ കൂട്ടിക്കല്‍ പാലക്കുന്നേല്‍ അനീഷ് ഉമ്മറാണ് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയത്. പരാതികള്‍ വ്യാപകമായതിനെ തുടർന്ന് മുണ്ടക്കയം പോലീസ് ഈ സ്ഥാപനം പൂട്ടി മുദ്രവെച്ചു.
വിവിധ പേരുകളില്‍ ദീർഘനാളായി പ്രവർത്തിച്ചു വരികയായിരുന്നു ഈ ഏജൻസി. യൂറോപ്യൻ രാജ്യങ്ങളിലേക്ക് വീസ നല്‍കാമെന്നു പറഞ്ഞ് 4 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വാങ്ങി വീസ നല്‍കാതിരുന്നതിനെ തുടർന്നാണ് ഏജൻസിക്കെതിരെ പരാതി ഉയർന്നത്.
കറുകച്ചാല്‍, ചങ്ങനാശേരി, മുണ്ടക്കയം, പെരുവന്താനം, കോഴിക്കോട്, കല്ലറ, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. വീടു വിറ്റ് പണം നല്‍കിയവർ വരെ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി.
കോഴിക്കോട് സ്വദേശി വീസ ലഭിക്കാതിരുന്നതിനെ തുടർന്നു പരാതി നല്‍കിയതായും കണ്‍സള്‍ട്ടൻസി ഉടമയെ വിളിച്ച് ചോദ്യം ചെയ്തതായും വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് ദിവസമായി ട്രാവല്‍ ഏജൻസി പ്രവർത്തിക്കുന്നില്ല. ഇതോടെയാണ് പരാതിക്കാരുടെ എണ്ണത്തില്‍ വലിയ വർധന ഉണ്ടായത്.
