Site icon Malayalam News Live

മുണ്ടക്കയത്ത് വിദേശത്ത് ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് ലക്ഷണങ്ങളുടെ തട്ടിപ്പ്: ഒരാൾ കൂടി അറസ്റ്റിൽ

മുണ്ടക്കയം: വിദേശത്ത് ജോലിക്കായി വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ ബാസാർ റോഡ് 5/167 ല്‍ എച്ചിക്ക എന്ന് വിളിക്കുന്ന അനീഷ് (40) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനം വഴി പൊന്തൻപുഴ സ്വദേശിനിയായ വീട്ടമ്മയ്ക്ക് യുകെയിൽ ജോലിക്കായി വിസ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവരിൽ നിന്നും പലപ്പോഴായി 14 ലക്ഷത്തോളം രൂപ കബളിപ്പിച്ചു തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മക്ക്‌ ഇവർ വ്യാജ വിസ നൽകി കബളിപ്പിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഈ കേസിലെ മുഖ്യപ്രതിയായ സ്ഥാപന ഉടമയെ പിടികൂടുകയും ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ഈ കേസിൽ ഇയാളുടെ സഹായിയായി പ്രവർത്തിച്ചതിനാണ് സ്ഥാപനത്തിലെ ജീവനക്കാരനായ അനീഷിനെ അറസ്റ്റ് ചെയ്തത്.

മുണ്ടക്കയം സ്റ്റേഷൻ എസ്.ഐ വിപിൻ,സി.പി.ഓ മാരായ നൂറുദ്ദീൻ, അജീഷ് മോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.

Exit mobile version