Site icon Malayalam News Live

മുനമ്പം വിഷയത്തില്‍ പരസ്യ പ്രസ്താവന വിലക്കി ലീഗ് നേതൃത്വം; സമസ്തയില്‍ രണ്ട് വിഭാഗങ്ങളില്ലെന്ന് ജിഫ്രി തങ്ങള്‍

മലപ്പുറം: മുനമ്പം വിഷയത്തില്‍ പരസ്യ പ്രസ്താവന വിലക്ക് മുസ്ലിം ലീഗ് നേതൃത്വം.

കെ എം ഷാജിക്ക് പിന്നാലെ ഇ ടി മുഹമ്മദ് ബഷീറും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വാദവുമായി രംഗത്തുവന്നതോടെയാണ് ലീഗിൻ്റെ വിലക്ക്. മുനമ്പം ഭൂമി പ്രശ്നത്തില്‍ പാണക്കാട് തങ്ങള്‍ ഇടപെട്ടത് ചൂണ്ടിക്കാട്ടി കെ എം ഷാജി തൻ്റെ വാദം ആവർത്തിക്കുകയും ഇ ടി മുഹമ്മദ് ബഷീർ അത് ഏറ്റുപിടിക്കുകയും ചെയ്തു. ഇതോടെയാണ് ലീഗ് നേതൃത്വം ആദ്യം ഈ നേതാക്കള്‍ പറഞ്ഞത് കാര്യമാക്കേണ്ടതില്ലെന്നും പിന്നീട് പരസ്യപ്രസ്താവനകള്‍ വിലക്കുന്നതായും അറിയിച്ചത്.

മുനമ്പം ഭൂമി പ്രശ്നത്തില്‍ മുസ്ലിം ലീഗ് മുൻകൈയെടുത്ത് നടപ്പിലാക്കുന്ന സമവായ നീക്കത്തെ അട്ടിമറിക്കുന്നതാണ് ലീഗിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാടെന്ന് വി ഡി സതീശനടക്കം സൂചിപ്പിച്ചതോടെയാണ് പാണക്കാട് തങ്ങളുടെ അന്ത്യശാസനം. ഇ ടി മുഹമ്മദ് ബഷീർ, കെ എം ഷാജി, എം കെ മുനീർ, കെപിഎ മജീദ് തുടങ്ങിയ നേതാക്കളാണ് പ്രതിപക്ഷ നേതാവ് ഉയർത്തിയ വാദത്തിന് വിരുദ്ധമായ നിലപാട് എടുത്തത്.

ഇത് കാസ പോലുള്ള സംഘടനകളും ബിജെപിയും ആയുധമാക്കിയിരുന്നു. ഇത് വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന നീക്കം ആണെന്ന് യുഡിഎഫ് നേതാക്കള്‍ ലീഗ് നേതൃത്വത്തെ അറിയിച്ചു. ഇതോടെയാണ് സമുദായ സൗഹൃദമാണ് ലീഗിൻ്റെ ലക്ഷ്യമെന്നും മറ്റുള്ള പ്രസ്താവനകള്‍ അവഗണിക്കുകയാണെന്നും പാണക്കാട് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചത്.

മുനമ്പം വിഷയം രമ്യമായി പരിഹരിക്കണമെന്നാണ് മുസ്ലീം ലീഗിന്‍റെ നിലപാടെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. വിഷയം പരിഹാരിക്കുന്നതിനായി സര്‍ക്കാര്‍ വേഗത കൂട്ടണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.

Exit mobile version