മുംബൈ : ആളിക്കത്തുന്ന തീയില്‍നിന്ന് രോഗിയായ അമ്മയെ ഒറ്റക്കാക്കി രക്ഷപ്പെടാൻ ധിരേൻ ഷാ (60) തയാറായില്ല. ഗിര്‍ഗാവോണിലെ തന്റെ ഫ്ലാറ്റില്‍ തീപിടിച്ചപ്പോള്‍ അമ്മ നളിനി (80)യെ രക്ഷപ്പെടുത്തിയിട്ടേ വരൂ എന്നുപറഞ്ഞ് ധിരേൻ തീ ആളിക്കത്തുന്ന മുറിയിലേക്ക് പോവുകയായിരുന്നു.ആശുപത്രിയില്‍നിന്ന് ചികിത്സ കഴിഞ്ഞ് ഈയിടെ തിരിച്ചെത്തിയ നളിനി ശയ്യാവലംബിയായിരുന്നു.
അമ്മയെ ഏതുവിധേനയും രക്ഷിക്കാനുറച്ച ധിരേൻ ജീവൻ പണയംവെച്ചാണ് ആളിക്കത്തുന്ന തീയെ അവഗണിച്ച് മുകള്‍നിലയിലേക്ക് പോയത്. എന്നാല്‍, വയോധികയായ അമ്മക്കൊപ്പം സ്നേഹനിധിയായ ആ മകന്റെയും ജീവൻ അഗ്നിനാളങ്ങള്‍ കവരുകയായിരുന്നു. ജെതാഭായ് ബില്‍ഡിങ്ങിന്റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. ആറംഗ കുടുംബം ചികിത്സയിലുള്ള നളിനിയെ സന്ദര്‍ശിക്കാൻ സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ചുവരുത്തിയ സമയത്താണ് സംഭവം നടന്നത്.
വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരോട് പുറത്തേക്ക് ഓടാൻ ആവശ്യപ്പെടുകയും അമ്മയെ താൻ രക്ഷപ്പെടുത്തുമെന്നും പറഞ്ഞാണ് ഹിരേൻ ബില്‍ഡിംഗിന്റെ മൂന്നാം നിലയിലേക്ക് പോയത്. ഞായറാഴ്ച പുലര്‍ച്ചെ നാല് മണി വരെ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നെങ്കിലും ഇവരെ രക്ഷപ്പെടുത്താനായില്ല. എന്നാല്‍, 30 മിനിറ്റോളം വൈകിയാണ് ഫയര്‍ എഞ്ചിനുകള്‍ എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തീപിടിത്തം റിപ്പോര്‍ട്ട് ചെയ്ത് 15-20 മിനിറ്റിനുള്ളില്‍ തങ്ങളുടെ സംഘം സ്ഥലത്തെത്തിയെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീ കെട്ടിടത്തിന്റെ മൂന്ന് നിലകളിലേക്കും പടര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹിരേന്‍റെ മൂന്ന് ആണ്‍മക്കളില്‍ ഒരാള്‍ മൂന്നാം നിലയിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പൈപ്പുകളിലൂടെ ഊര്‍ന്നിറങ്ങിയാണ് രക്ഷപ്പെട്ടത്. കുടുംബത്തിലെ മറ്റ് മൂന്ന് അംഗങ്ങള്‍ തൊട്ടടുത്ത് നിര്‍മാണത്തിലിരിക്കുന്ന ബഹുനിലകെട്ടിടത്തിലേക്ക് മരപ്പലകകള്‍ ചാരിവെച്ച് ഉപയോഗിച്ചും രക്ഷപ്പെടുകയായിരുന്നു.
കെട്ടിടത്തിന്റെ തടികൊണ്ടുള്ള ഗോവണിപ്പടിയിലും തീപിടിച്ചതിനാല്‍ അവിടെ നിന്ന് പുറത്ത് കടക്കല്‍ ശ്രമകരമായിരുന്നെന്ന് രക്ഷപ്പെട്ട ഹിരേന്‍റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമാവാത്ത സാഹചര്യത്തില്‍ സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
