Site icon Malayalam News Live

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

കൊച്ചി : കയ്യേറ്റം ഒഴിപ്പിക്കലടക്കമുള്ള നടപടികളുടെ മേല്‍നോട്ടത്തിനായി റവന്യു പ്രിൻസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലാൻഡ് റവന്യു കമ്മിഷണറും ദുരന്തനിവാരണ കമ്മിഷണറും അംഗങ്ങളായ ഉന്നതതല സമിതി രൂപീകരിക്കാനും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് നിര്‍ദേശിച്ചു.

കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ പോലും വീഴ്ചയുണ്ടായെന്നു കോടതി ചൂണ്ടിക്കാട്ടി. സമിതിയുടെ ആദ്യ റിപ്പോര്‍ട്ട് 31നു നല്‍കണം. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ സ്പെഷല്‍ റവന്യു ഓഫിസിലെ തഹസില്‍ദാര്‍ക്കു വാഹനവും ആവശ്യത്തിനു ജീവനക്കാരെയും അനുവദിക്കണം.

ഇടുക്കിയിലെ ഭൂമി കയ്യേറ്റവും വ്യാജരേഖയും സംബന്ധിച്ച്‌ ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടു രണ്ടു പതിറ്റാണ്ടോളമായി. എന്നാല്‍ കയ്യേറ്റമൊഴിപ്പിക്കല്‍ സമയബന്ധിത നടപടിയെടുക്കുന്നില്ല. ആവശ്യമായ ഉദ്യോഗസ്ഥരെ പോലും ഇതിനു നിയോഗിച്ചിട്ടില്ല. ഇപ്പോഴും സര്‍ക്കാര്‍ സമയം ചോദിക്കുകയാണ്. 1964ല്‍ ഭൂപതിവ് ചട്ടം കൊണ്ടുവന്നപ്പോള്‍ ഉദ്ദേശം പൊതുതാല്‍പര്യമായിരുന്നു. എന്നാല്‍ 1971ലെ ഭേദഗതിയിലൂടെ കയ്യേറ്റക്കാര്‍ക്കും ഭൂമി പതിച്ചുനല്‍കുന്ന സാഹചര്യമുണ്ടായെന്നും കോടതി വിമര്‍ശിച്ചു.

ചട്ടഭേദഗതിയുടെ നിയമസാധുത പരിശോധിക്കും എന്ന് അഭിപ്രായപ്പെട്ട കോടതി ചീഫ് സെക്രട്ടറിക്കു നോട്ടിസ് നല്‍കാനും നിര്‍ദേശിച്ചു. അഡ്വക്കറ്റ് ജനറല്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കോടതിയില്‍ നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന അമിക്കസ് ക്യൂറി അഡ്വ. ഹരീഷ് വാസുദേവന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്താണു നടപടി.

മൂന്നാര്‍ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടു വണ്‍ എര്‍ത്ത് വണ്‍ ലൈഫ് അടക്കമുള്ള സംഘടനകള്‍ നല്‍കിയ ഹര്‍ജികളിലാണ് ഇടക്കാല ഉത്തരവ്.

Exit mobile version