Site icon Malayalam News Live

പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് പരാതി; നടൻ മോഹൻലാലിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന പരാതിയില്‍ നടൻ മോഹൻലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി.

മണപ്പുറം ഫിനാൻസിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിലായിരുന്നു പരാതി. 12 ശതമാനം പലിശയ്ക്ക് സ്വർണവായ്പ നല്‍കുമെന്നായിരുന്നു മോഹൻലാല്‍ അഭിനയിച്ച പരസ്യങ്ങളിലെ പ്രധാന വാഗ്ദാനം.

എന്നാല്‍, വായ്പ തിരിച്ചടച്ച്‌ പണയം എടുത്തു മാറ്റാൻ എത്തിയപ്പോള്‍ കമ്പനി ഉയർന്ന പലിശ നിരക്ക് ഈടാക്കിയെന്നാണ് പരാതിക്കാരുടെ ആക്ഷേപം.
മോഹൻലാലിന്റെ വാഗ്ദാനം വിശ്വസിച്ചാണ് തങ്ങള്‍ വായ്പ എടുത്തതെന്നും അതിനാല്‍ സേവനത്തിലെ പിഴവിന് താരത്തിന് ഉത്തരവാദിത്തമുണ്ടെന്നുമായിരുന്നു പരാതി.

എന്നാല്‍, പരാതിക്കാരും മോഹൻലാലും തമ്മില്‍ നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബ്രാൻഡ് അംബാസഡർ എന്ന നിലയില്‍ സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് മോഹൻലാല്‍ ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പൂർണ ഉത്തരവാദിത്തം സ്ഥാപനത്തിനാണ്. ഇക്കാര്യത്തില്‍ ബ്രാൻഡ് അംബാസഡർക്ക് ഉത്തരവാദിത്തമില്ലെന്നും കോടതി പറഞ്ഞു.

Exit mobile version