ഡല്‍ഹി: സർക്കാർ രൂപീകരണ ചർച്ചയുടെ ഭാഗമായി ചേർന്ന എൻഡിഎ യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുത്ത് എൻഡിഎ സഖ്യം.
മൂന്നാംവട്ടവും പ്രധാനമന്ത്രിയായി മോദി ശനിയാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എൻ ഡി എ സംഘം വൈകാതെ രാഷ്‌ട്രപതിയെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിക്കും.
മോദി, അമിത് ഷാ, ജെ. പി നദ്‌ദ. ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരാണ് രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കാണുക. ജൂണ്‍ ഏഴിനാകും ഇവർ രാഷ്‌ട്രപതിയെ കാണുകയെന്നാണ് അടുത്ത കേന്ദ്രങ്ങളില്‍ നിന്നുള്ള സൂചന.
അതേസമയം തെലുങ്ക് ദേശം പാർട്ടി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജെഡിയു അദ്ധ്യക്ഷൻ നിതീഷ് കുമാർ എന്നിവർ പിന്തുണ എഴുതി നല്‍കിയതായാണ് വിവരം.
സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകള്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്‌ദ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ നേതൃത്വം നല്‍കാനാണ് സാദ്ധ്യതയെന്നും റിപ്പോർട്ടുകളുണ്ട്.
എൻഡിഎ സഖ്യത്തിന് ആകെ 543ല്‍ 294 സീറ്റുകളാണ് വിജയിക്കാനായത്. ഇന്ത്യയില്‍ മൂന്നാം തവണയും അധികാരം നിലനിറുത്തുന്ന രണ്ടാമത്തെ നേതാവാകും മോദി. ഇതിനുമുൻപ് ജവഹർലാല്‍ നെഹ്രുവിന് മാത്രമാണ് ആ നേട്ടം സ്വന്തമാക്കാനായത്.
ഇന്നലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അവലോകനം ചെയ്യാൻ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്രമന്ത്രിസഭയുടെ യോഗം ചേർന്നിരുന്നു. ഇതില്‍ അടുത്ത സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചചെയ്തിരുന്നു.
