സൈക്കിളിൽ നിന്നും വീണു മരിച്ച സൈറ ഹാത്തൂനെ കാണാൻ മന്ത്രി സജി ചെറിയാൻ ആലപ്പുഴ മെഡിക്കൽ കോളേജിലെത്തി. ഭാര്യയുടെ മൃതദേഹവുമായി മക്കൾക്കൊപ്പം മോർച്ചറിക്ക് മുന്നിൽ കണ്ണീരോടെ നിന്ന ഭർത്താവ് ലഡു മിയാനെ മന്ത്രി സജി ചെറിയാൻ ആശ്വസിപ്പിച്ചു. സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറാണ് ലഡു മിയാൻ. ആറു വർഷത്തോളമായി ഈ കുടുംബം വിവിധയിടങ്ങളിൽ വാടകയ്ക്ക് താമസിക്കുകയാണ്. അടിയന്തരമായി പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ മന്ത്രി ചെയ്‌തു. മാന്നാറിൽ നിന്നും പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി,പോസ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തികരിച്ചു.
ഇന്നലെ രാത്രിയാണ് മാന്നാറില്‍ വെച്ച് സൈറ അപകടത്തില്‍പെട്ടത്. ലഡുവും ഇളയകുഞ്ഞും സൈറയും സൈക്കിളില്‍ പച്ചക്കറി വാങ്ങാനായി പോകുമ്പോള്‍ ഇളയ കുഞ്ഞ് വീഴുകയും രക്ഷിക്കാനായി ശ്രമിക്കവെ സൈറ റോഡിലേക്ക് തലയിടിച്ച് വീഴുകയുമായിരുന്നു. തലയ്‌ക്കേറ്റ മുറിവ് ഗുരുതരമായിരുന്നു. തുടർന്നായിരുന്നു മരണം. പറക്കമുറ്റാത്ത ഒമ്പതും മൂന്നും രണ്ടും വയസുള്ള മൂന്ന് പെണ്‍ കുഞ്ഞുങ്ങളും പിതാവും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിക്ക് മുന്നിൽ കണ്ണീരോടെ നിന്നത് വലിയ വാർത്തയായിരുന്നു. സൈറയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെയുള്ള എല്ലാ ക്രമീകരണങ്ങളും സർക്കാർ മേൽനോട്ടത്തിൽ തന്നെ നടത്തുന്നതിന് കളക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു.
