Site icon Malayalam News Live

മീനച്ചില്‍ നദീതട പദ്ധതിക്ക് തുടക്കമാകുന്നു; ഡിപിആര്‍ തയാറാക്കുന്നതിന് ധാരണാപത്രം ഒപ്പിട്ട് ജലസേചന വകുപ്പ്

തിരുവനന്തപുരം: ഇടുക്കിയില്‍ വൈദ്യുതോത്പാദനത്തിന് ശേഷം വരുന്ന അധികജലം മീനച്ചിലാറില്‍ എത്തിച്ച്‌ കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതിനുള്ള മീനച്ചില്‍ നദീതട പദ്ധതിയുടെ ഡിപിആര്‍ തയാറാക്കുന്നതിന് കേന്ദ്ര ഏജന്‍സിയായ വാപ്‌കോസുമായി ജലസേചന വകുപ്പ് ധാരണാപത്രം ഒപ്പിട്ടു.

മന്ത്രി റോഷി അഗസ്റ്റിന്‍റെ സാന്നിധ്യത്തില്‍ ജലസേചന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് സംസ്ഥാനത്തിന് വേണ്ടി ഒപ്പുവച്ചത്.

ഡിപിആര്‍ ലഭിച്ചാല്‍ ഉടന്‍ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് മന്ത്രി റോഷി അറിയിച്ചു. നേരത്തേ പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് മന്ത്രി റോഷി അഗസ്റ്റിന് വാപ്‌കോസ് പ്രതിനിധി അമിതാഭ് ത്രിപാഠി കൈമാറിയിരുന്നു.

മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉത്പാദനത്തിനുശേഷം അധികമുള്ള ജലം മീനച്ചിലാറ്റിലേക്കു തിരിച്ചുവിട്ട് വര്‍ഷം മുഴുവനും സുസ്ഥിരമായ ഒഴുക്ക് നിലനിര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സംസ്ഥാന ബജറ്റില്‍ മൂന്നുകോടി രൂപ അനുവദിച്ചിരുന്നു.

Exit mobile version