Site icon Malayalam News Live

കൊല്ലത്ത് സിനിമസ്റ്റൈലിൽ പോലീസിന്റെ മയക്കുമരുന്ന് വേട്ട; അഞ്ചല്‍ സ്വദേശികളായ രണ്ടുപേരെ പോലീസ് സാഹസികമായി പിടികൂടി, ഇവരിൽനിന്ന് സിഗരറ്റ് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 13 ഗ്രാം എംഡിഎംഎയും ഇലട്രോണിക്സ് ത്രാസും പിടിച്ചെടുത്തു

അഞ്ചല്‍: കൊല്ലം ജില്ലയിലെ അഞ്ചലില്‍ വന്‍ മയക്കുമരുന്ന് വേട്ട. ന്യൂജെൻ മയക്കുമരുന്നുമായെത്തിയ യുവാക്കളെ പോലീസ് സാഹസികമായി പിടികൂടി.

അഞ്ചല്‍ സ്വദേശികളായ അലി ഷര്‍ബാന്‍, മനോജ്‌ എന്നിവരാണ് 13 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത്. വാഹന പരിശോധനക്കിടെ കാറില്‍ അമിത വേഗതയിലെത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊല്ലം റൂറല്‍ ഡാൻസഫ് സംഘത്തിന്‍റെയും അഞ്ചല്‍ പോലീസിന്‍റേയും പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്. ആലഞ്ചേരി ചണ്ണപ്പേട്ട റോഡില്‍ നീല സ്വിഫ്റ്റ് കാറിലെത്തിയ അഞ്ചല്‍ സ്വദേശികളായ അലി ഷര്‍ബാന്‍, മനോജ്‌ എന്നിവരോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടു.

എന്നാല്‍, പോലീസിനെ വെട്ടിച്ച്‌ അമിത വേഗതയില്‍ പ്രതികള്‍ കാറുമായി പാഞ്ഞു. പിന്തുടർന്ന പോലീസ് സംഘം ആലഞ്ചേരി ഓര്‍ത്തഡോക്സ് പള്ളിക്ക് സമീപം വച്ച്‌ കാര്‍ തടഞ്ഞു. കാറില്‍ നിന്നും ഇറങ്ങിയ പ്രതികള്‍ സമീപത്തെ മതില്‍ ചാടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് സിനിമാ സ്റ്റൈലില്‍ സാഹസികമായി പിടികൂടുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളില്‍ സിഗരറ്റ് കവറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 13 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. മയക്കുമരുന്ന് അളക്കുന്നതിനായുള്ള ഇലട്രോണിക്സ് ത്രാസും കാറില്‍ നിന്നും പിടികൂടി. ബെംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി.

വില്‍പനയ്ക്ക് വേണ്ടിയാണോ കേരളത്തിലേക്ക് എംഡിഎംഎ എത്തിച്ചതെന്ന് സംശയമുണ്ട്. മയക്കുമരുന്ന് കടത്തില്‍ കൂടുതല്‍ ഇടപാടുകാരുണ്ടോ എന്നതടക്കം പോലീസ് അന്വേഷിച്ച്‌ വരികയാണ്.

Exit mobile version