Site icon Malayalam News Live

ബാംഗ്ലൂരില്‍ നിന്ന് എത്തിയത് ട്രാവല്‍ ബസുകളിൽ; പരിശോധനയിൽ അടിവസ്ത്രത്തിൽ നിന്നും പോക്കറ്റിൽ നിന്നും പിടികൂടിയത് ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎ; കോട്ടയം സ്വദേശികളായ യുവാവും യുവതിയും പൊലീസ് പിടിയിൽ

വടക്കഞ്ചേരി: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎയുമായി യുവാവും യുവതിയും പൊലീസിന്റെ പിടിയിലായി.

കോട്ടയം പൊൻകുന്നം സ്വദേശിനി എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി സ്വദേശി ഷാഹുല്‍ സുനീർ (29) എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച രാവിലെ പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. ബെംഗളൂരുവില്‍ നിന്ന് രണ്ട് വ്യത്യസ്ത ട്രാവല്‍ ബസുകളിലായി എത്തിയ ഇവർ, കോട്ടയത്തേക്കുള്ള തുടർയാത്രയ്ക്കായി മറ്റൊരു ബസിനായി കാത്തുനില്‍ക്കുന്നതിനിടെയാണ് പൊലീസ് പരിശോധനയ്ക്ക് വിധേയരായത്.

‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളില്‍ നിന്ന് ആകെ 45.253 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

ഇതില്‍ 24.089 ഗ്രാം ഷാഹുല്‍ സുനീറിന്റെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ബെംഗളൂരുവില്‍ നിന്നാണ് ലഹരിവസ്തു വാങ്ങിയതെന്ന് ഇരുവരും പൊലീസിനോട് മൊഴി നല്‍കിയതായി അധികൃതർ അറിയിച്ചു. അന്തർസംസ്ഥാന ലഹരിക്കടത്ത് ശൃംഖലയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version