Site icon Malayalam News Live

കൊല്ലം നഗരത്തില്‍ പൊലീസ് നടത്തിയ ലഹരിവേട്ടയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ഇരവിപുരം സ്വദേശി ബാദുഷായാണ് 75 ഗ്രാം എം.ഡി.എമ്മുമായി അറസ്റ്റിലായത്.

സ്വന്തം ലേഖകൻ

കൊല്ലം: ജില്ലാ ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ഇരവിപുരം സ്വദേശിയായ ബാദുഷായെയാണ് പിടികൂടിയത്. പൊലീസിന്റെ യോദ്ധാവ് നമ്പറിലേക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തിയിരുന്നു.

നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നും പിടികൂടിയ ഇയാള്‍ അടിവസ്ത്രത്തിനുള്ളിലാണ് ലഹരി മരുന്ന് ഒളിപ്പിച്ചിരുന്നത്. ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ ലഹരി മരുന്ന് എത്തിച്ചിരുന്നത്. ചെറിയ പൊതികള്‍ ആകി ചില്ലറ കച്ചവടം നടത്തുന്നതായിരുന്നു ഇയാളുടെ രീതി എന്ന് കണ്ടെത്തി. കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു ഇയാളുടെ ലക്ഷ്യം. കൊല്ലം പള്ളിമുക്കും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു കച്ചവടം. ഇയാളില്‍ നിന്നും എം.ഡി.എ.എ വാങ്ങിയവരെ കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

അതേസമയം കൊല്ലം കരുനാഗപ്പള്ളിയിലും എംഡി എം എയുമായി ഏഴ് യുവാക്കള്‍ അറസ്റ്റിലായി. കരുനാഗപ്പള്ളിയില്‍ വിവിധ ഭാഗങ്ങളില്‍ നടത്തിയ എക്സ്സൈസ് പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ എക്സൈസിന്റെ നോട്ട് ടു ഡ്രക്സ് ക്യാമ്ബയിനിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിലായത്.

അയണിവേലിക്കുളങ്ങരയില്‍ നടത്തിയ പരിശോധനയില്‍ അഭിജിത്ത്, അഭിരാജ്, പ്രണവ് എന്നിവര്‍ പിടിയിലായി. തഴവ ഭാഗത്തുനിന്നും നവാസ്, ജിതിൻ, ബിൻ താലിഫ്, ഫൈസല്‍ എന്നിവരും പിടിയിലായി. 07.47 ഗ്രാം എം.ഡി.എം.എ യാണ് പിടിച്ചെടുത്തത്. ഇരുസ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എൻഡിപിഎസ് കേസ് രജിസ്റ്റര്‍ ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.

Exit mobile version