Site icon Malayalam News Live

രഹസ്യവിവരത്തെ തുടർന്ന് പരിശോധന; കാറിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം: ബംഗളൂരുവിൽ കറങ്ങി മടങ്ങി വരവെ 3 യുവാക്കളെ നിരോധിത സിന്തറ്റിക് ലഹരിയായ എംഡിഎംഎയുമായി പോലീസ് പിടികൂടി. പോലീസിനെ വെട്ടിച്ച് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികളെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

തിരുവനന്തപുരം മുരുക്കുംപുഴയിലാണ് കാറിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് മംഗലപുരം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്.

മുരുക്കുംപുഴ വരിക്ക് മുക്കിനു സമീപം വച്ച് കാർ തടഞ്ഞപ്പോൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വണ്ടി ചെറുത്താണ് ഇവരെ പിടികൂടിയത്. ചിറയിൻകീഴ് പുളന്തുരുത്തി സ്വദേശി പടക്ക് സുധി (36), പെരുങ്ങുഴി സ്വദേശി ഷിബു (26), പൂഴനാട് സ്വദേശി ഗിരീഷ് (27) എന്നിവരാണ് പിടിയിലായത്.

ബംഗളുരുവിൽ നിന്നും വാങ്ങിയ എംഡിഎംഎ വിൽപ്പനയ്ക്കായി കൊണ്ടു പോകുന്ന വഴിയ്ക്കാണ് ഇവർ കുടുങ്ങിയത്. കാറിനുള്ളിലും ശരീരത്തിൽ ഒളിപ്പിച്ച നിലയിലുമായി 50 ഗ്രാം നിരോധിത സിന്തറ്റിക് ലഹരിയായ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.

പ്രതികൾക്കൊപ്പം പോലീസ് കാറും കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയായ സുധി നിരവധി ലഹരിക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി നാളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version