Site icon Malayalam News Live

സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് എംസികെ നിധി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് എംസികെ നിധി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അറസ്റ്റിൽ. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് സംസ്ഥാനത്തുടനീളം ബ്രാഞ്ചുകളുണ്ട്. നിരവധി ആളുകളിൽ നിന്നും അമിത പലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ചതിന് ശേഷം പണം തിരികെ നൽകാതെ എംസികെ നിധി ലിമിറ്റഡ് എന്ന ഈ പണമിടപാട് സ്ഥാപനം പൂട്ടിപ്പോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായ തൃശ്ശൂർ സ്വദേശിയായ ജോസ് T T(57) എന്നയാളെ പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

സമാന കേസിൽ തൃശൂർ ജില്ലയിലെ നെടുപുഴ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത് തൃശൂർ ജില്ലാ ജയിലിൽ പാർപ്പിച്ചിരുന്ന ജോസിനെ പാലാ പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ ദിലീപ്കുമാർ തൃശൂർ ജില്ലാ ജയിലിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. എംസികെ നിധി ലിമിറ്റഡ് പാലാ ബ്രാഞ്ചിനെതിരെ പാലാ പോലീസ് സ്റ്റേഷനിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്. ഈ സ്ഥാപനത്തിനെതിരെ ചങ്ങനാശ്ശേരി, വരന്തരപ്പളളി, പുതുക്കാട്, ഗുരുവായൂർ തുടങ്ങി സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാന രീതിയിലുളള കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്.

Exit mobile version