കോട്ടയത്ത് എംസി റോഡ് തകർന്ന നിലയിൽ; കോട്ടയം മുതലുള്ള ഭാഗമാണ് തകർന്നുകിടക്കുന്നത്, യാത്ര ദുഷ്കരം

ഏറ്റുമാനൂർ : സംസ്ഥാനത്തെ പ്രധാന പാതകളില്‍ ഒന്നായ എംസി റോഡ് പാടേതകർന്നു. റോഡില്‍ ഉടനീളം വിള്ളല്‍വീണ നിലയിലാണ്. ഇതിനൊപ്പം ചെറുതും വലുതുമായ നിരവധി കുഴികളും രൂപപ്പെട്ടിരിക്കുന്നു.

എട്ടുവർഷം മുമ്പാണ് എംസി റോഡ് വീതികൂട്ടി നവീകരിച്ചത്. റോഡ് വീതികൂട്ടിയ ഭാഗത്താണ് നെടുകെ വിള്ളല്‍ ഉണ്ടായിരിക്കുന്നത്. റോഡിന്റെ നിർമാണഘട്ടത്തില്‍ തന്നെ പാകപ്പിഴകളെ സംബന്ധിച്ച്‌ വ്യാപകമായി ആക്ഷേപം ഉയർന്നിരുന്നു. എംസി റോഡിന്റെ ചെങ്ങന്നൂർ മുതല്‍ കോട്ടയം വരെ ദേശീയപാതയുടെ ഭാഗമായി. ഈ ഭാഗം അടുത്തിടെ ടാർ ചെയ്തു. കോട്ടയം മുതലുള്ള ഭാഗമാണ് തകർന്നുകിടക്കുന്നത്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റോഡ് സംരക്ഷണത്തിനായി ആവിഷ്കരിച്ച ഒപിബിആർസി പദ്ധതിയില്‍ എംസി റോഡിനെ ഉള്‍പ്പെടുത്തിയിരുന്നു. 73.83 കോടി രൂപയ്ക്കാണ് 107.75 കിലോമീറ്റർ റോഡ് ഏഴു വർഷത്തെ പരിപാലന ചുമതലയ്ക്കായി കരാർ നല്‍കിയിരുന്നത്. 2022ല്‍ ഉദ്ഘാടനം ചെയ്ത പദ്ധതി ഏറെ വൈകാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. പിന്നീട് എംസി റോഡില്‍ കാര്യമായ അറ്റകുറ്റപ്പണികള്‍ നടന്നിട്ടില്ല.

ഇപ്പോള്‍ റോഡിലാകെ വിള്ളലും കുഴികളുമാണ്. വലിയ വാഹനങ്ങളില്‍ സഞ്ചരിച്ചാല്‍ പോലും യാത്രക്കാരുടെ നടുവൊടിയുന്ന അവസ്ഥയാണ്. ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവു കാഴ്ചയാണിപ്പോള്‍. ചെറിയ അറ്റകുറ്റപ്പണികള്‍ കൊണ്ട് പരിഹരിക്കാനാകാത്ത വിധം റോഡ് തകർന്നു. സർക്കാർ പ്രത്യേക താത്പര്യമെടുക്കുന്നില്ലെങ്കില്‍ ഉടനെങ്ങും റോഡ് സഞ്ചാരയോഗ്യമാകില്ല. റോഡ് നവീകരണം ഉടൻ നടത്താൻ ജനപ്രതിനിധികളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് ആവശ്യം ഉയരുന്നത്.