Site icon Malayalam News Live

മഥുര ബോട്ടപകടം; യമുനയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം 14 ആയി

മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു. പ്രദേശവാസികൾ നൽകിയ വിവരമനുസരിച്ച് സ്വാമി ഘട്ടിൽ നിന്നാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പിന്നീട് ഫോട്ടോ കാണിച്ച് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. മോണിക്ക എന്ന സ്ത്രീയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഏപ്രിൽ 10നാണ് യമുന നദിയിൽ ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ അപകടത്തിൽ കാണാതായ 6 പേരിൽ 4 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ള രണ്ടുപേർക്കായി തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

ഏപ്രിൽ 10നാണ് മഥുരയിലെ കേശി ഘട്ടിന് സമീപം അപകടമുണ്ടായത്. 25 മുതൽ 27 വരെ യാത്രക്കാരുമായി പോയ ബോട്ട് യമുനയിലെ ഒരു പോണ്ടൂൺ പാലത്തിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടസമയത്ത് തന്നെ 10 പേർ മരിച്ചിരുന്നു. ബാക്കിയുള്ളവരെ കണ്ടെത്താനായി രക്ഷാപ്രവർത്തകർ നദിയിൽ തിരച്ചിൽ തുടരുകയാണ്. മഥുര ബോട്ടപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Exit mobile version