Site icon Malayalam News Live

‘ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ ശേഷം, മയക്കുമരുന്ന് ഉള്‍പ്പെടെ നല്‍കി ഓണ്‍ലൈന്‍ വഴി തട്ടിപ്പ് നടത്താന്‍ ആവശ്യo ; കയ്യില്‍ കിട്ടിയ പാസ്പോര്‍ട്ടുമായി തട്ടിപ്പ് കേന്ദ്രത്തില്‍ നിന്ന് തലനാരിഴയ്ക്ക് ചാടി രക്ഷപ്പെട്ട് യുവാവ്

കോഴിക്കോട്: മനുഷ്യക്കടത്തിന് ഇരയായി ലാവോസില്‍ കുടുങ്ങിയ മലയാളികളില്‍ ഒരാള്‍ കൂടി രക്ഷപ്പെട്ട് മടങ്ങിയെത്തി.

കോഴിക്കോട് സ്വദേശി രാഹുലാണ് നാട്ടില്‍ തിരിച്ചെത്തിയത്.

ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ ശേഷം മയക്കുമരുന്ന് ഉള്‍പ്പെടെ നല്‍കി ഓണ്‍ലൈന്‍ വഴി തട്ടിപ്പ് നടത്താന്‍ മാഫിയ സംഘം നിര്‍ബന്ധിച്ചതായി രാഹുല്‍ വെളിപ്പെടുത്തി

രാഹുലില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി വിവരങ്ങള്‍ തേടി.

മനുഷ്യക്കടത്ത് മാഫിയയില്‍ നിന്ന് ജീവന് ഭീഷണിയുള്ളതിനാല്‍ അന്വേഷണ ഏജന്‍സിയുടെ നിര്‍ദേശ പ്രകാരമാണ് രാഹുല്‍ മുഖം മറച്ച് മീഡിയയുടെ മുന്നിലെത്തിയത്.

തന്‍റെ ദുരനുഭവം മറ്റൊരാള്‍ക്കും വരാതിരിക്കാനാണ് വെളിപ്പെടുത്തലെന്ന് രാഹുല്‍ വ്യക്തമാക്കി.
ഡാറ്റ എൻട്രി ജോലിയെന്ന് പറഞ്ഞാണ് ട്രാവൽ ഏജൻസി വഴി ലാവോസിലെത്തിയത്.

ഓഗസ്ത് നാലിന് ബാങ്കോക്കിലേക്കും അവിടെനിന്ന് വാന്‍റയിലേക്കും പിന്നീട് ലാവോസിലും രാഹുല്‍ എത്തി.
മലയാളികളായ ആഷിക്കും ഷഹീദുമായിരുന്നു ലാവോസിലെ ഇടനിലക്കാര്‍.

ഓണ്‍ലൈന്‍ തട്ടിപ്പിന് പേരുകേട്ട ഗോള്‍ഡന്‍ ട്രയാങ്കിള്‍ സ്പെഷ്യല്‍ എക്കണോമിക് സോണിലെ കോള്‍ സെന്‍ററില്‍ മലയാളികളെ ലക്ഷ്യമിട്ട് സാമ്പത്തിക തട്ടിപ്പ് നടത്താന്‍ മാഫിയ സംഘങ്ങള്‍ പ്രേരിപ്പിച്ചു.

ദോഹാപദ്രവം ഉണ്ടായില്ലെങ്കിലും ഭീഷണിക്ക് നടുവിലായിരുന്നു ജീവിതം.

റെയ്ഡിനിടെ കയ്യില്‍ കിട്ടിയ പാസ്പോര്‍ട്ടുമായി തട്ടിപ്പ് കേന്ദ്രത്തില്‍ നിന്ന് പുറത്തു കടന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസ് ഇടപെട്ടാണ് നാട്ടിലേക്കുളള മടങ്ങി വരവ് സാധ്യമാക്കിയത്.
തട്ടിപ്പിനിരയായി നാട്ടിലേക്ക് മടങ്ങാനാകാതെ നിരവധി മലയാളികള്‍ ലാവോസില്‍ കുടുങ്ങി കിടക്കുന്നതായി രാഹുല്‍ വെളിപ്പെടുത്തി. രാഹുലില്‍ നിന്ന് എന്‍ഐഎ വിവരങ്ങള്‍ തേടി.
ബാലുശേരി പൊലീസും അന്വേഷണം ആരംഭിച്ചു.

Exit mobile version