Site icon Malayalam News Live

കാക്കണം കരളിനെ, അറിയാം മഞ്ഞപ്പിത്തത്തിന്‍റെ അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

കോട്ടയം: ശരീരത്തിലെ ഏറ്റവും വലിയ ആന്തരികാവയവമായ കരളിനുണ്ടാകുന്ന വീക്കവും രോഗാവസ്ഥകളുമാണ് ഹെപ്പറ്റൈറ്റിസ് എ അഥവാ മഞ്ഞപ്പിത്തം. രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണമാകുന്നത്. അഞ്ച് വിധം വൈറസുകളാണ് സാധാരണഗതിയില്‍ ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നത്.

ഹെപ്പറ്റൈറ്റിസ് -എ, ഇ വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം വളരെ വേഗം പടര്‍ന്നുപിടിക്കുന്നതാണ്. ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയുമെല്ലാം രോഗം പകരാം. ഹൈപ്പറ്റൈറ്റിസ് -ബി വൈറസ് പകരുന്നത് രക്തത്തില്‍കൂടിയും രക്തത്തിലെ ഘടകങ്ങളില്‍കൂടിയുമാണ്. ദീര്‍ഘകാല കരള്‍ രോഗമുണ്ടാക്കുന്നതില്‍ പ്രധാന കാരണമാണ് ഹെപ്പറ്റൈറ്റിസ് -സി വൈറസ്. ഈ രോഗമുണ്ടാകുന്ന നല്ലൊരു പങ്ക് ആളുകളിലും ലിവര്‍ സീറോസിസും കരളിലെ അര്‍ബുദബാധയുമുണ്ടാകുന്നു.

മഞ്ഞപ്പിത്തത്തിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍:

അമിത ക്ഷീണം, ഓക്കാനവും ഛര്‍ദിയും, അടിവയറു വേദന, പനി, വിശപ്പില്ലായ്മ, ദഹനക്കേട്, കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നത് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. അതുപോലെ ഉന്മേഷക്കുറവും മലമൂത്രങ്ങള്‍ക്ക് നിറവ്യത്യാസവും ശരീരഭാരം പെട്ടെന്ന് കുറയുന്നതും സന്ധിവേദനയും വരണ്ട ചര്‍മ്മവുമൊക്കെ രോഗ ലക്ഷണങ്ങളാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. വ്യക്തി ശുചിത്വം ആണ് മഞ്ഞപ്പിത്തം വരാതെ നോക്കാന്‍ ചെയ്യേണ്ടത്.

2. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക.

3. ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക.

4. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക.

5. ശുദ്ധമല്ലാത്ത വെള്ളത്തില്‍ തയ്യാറാക്കുന്ന ശീതള പാനീയങ്ങള്‍ വാങ്ങിക്കുടിക്കാതിരിക്കുക.

6. റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണം ചൂടാക്കി മാത്രം കഴിക്കാന്‍ ശ്രമിക്കുക.

7.  കുത്തിവയ്പ്പുകൾക്കായി പുതിയ, അണുവിമുക്തമായ സൂചികൾ ഉപയോഗിക്കു‍ക.

Exit mobile version