Site icon Malayalam News Live

നടൻ മണിയൻ പിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലിസ്; അറസ്റ്റ് തിരുവനന്തപുരത്തെ കാറപകടത്തിൽ

യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ നടൻ മണിയൻ പിള്ള രാജുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. സംഭവത്തിൽ നടനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. അപകടകരമാകുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ എഫ്ഐആറില്‍ നടന്‍റെ പേര് പരാമര്‍ശിച്ചിരുന്നില്ല. അതിനിടെയാണ് സ്റ്റേഷനിൽ ഹാജരായ നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഉടൻ തന്നെ വൈദ്യപരിശോധന നടത്തും.

അതേസമയം, യുവാക്കൾ തന്റെ വാഹനത്തിലിടിക്കുകയായിരുന്നുവെന്ന് രാജു പറഞ്ഞു. താൻ ഒരു ക്യാൻസർ പേഷ്യന്റെ ആണ്. വാഹനം ഇടിച്ചത് അറിഞ്ഞിട്ട് നിർത്താതെ പോയത് തെറ്റ് തന്നെയാണ്. ശബ്ദം കേട്ട ഉടനെ പാനിക് ആയി സുഹൃത്തുനെ വിളിച്ച വിവരം അറിയിക്കുകയായിരുന്നുവെന്നും രാജു മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. ‘KL 01 CJ 04’ നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായ പരിക്കേറ്റു. വാഹനത്തിന്‍റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്ട്രേഷന്‍ രേഖ. ഇത് നടന്‍റെ യഥാര്‍ത്ഥ പേരാണെന്ന് പൊലീസ് വ്യക്തമാക്കി.

Exit mobile version