Site icon Malayalam News Live

‘ ആരോപണ വിധേയരായ ആളുകള്‍ തെറ്റുകാരാണെങ്കില്‍ ശിക്ഷിക്കണം, അതുപോലെ തന്നെ കള്ളപരാതി ആരെങ്കിലും ഉന്നയിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണം.’; പ്രതികരണവുമായി മണിയന്‍പിള്ള രാജു

ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിലും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും പ്രതികരണവുമായി നടന്‍ മണിയന്‍പിള്ള രാജു. കൃത്യമായ അന്വേഷണം ആവശ്യമാണെന്നും ആരോപണ വിധേയര്‍ തെറ്റുകാര്‍ ആണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ‘ആരോപണ വിധേയരായ ആളുകള്‍ തെറ്റുകാരാണെങ്കില്‍ ശിക്ഷിക്കണം. അതുപോലെ തന്നെ കള്ളപരാതി ആരെങ്കിലും ഉന്നയിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണം. തെറ്റ് ചെയ്യാത്തവര്‍ പോലും ഇതില്‍ പെടുകയും പെടുത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടാകും.
സുതാര്യമായ അന്വേഷണം നടന്നു കഴിയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ആരൊക്കെ തെറ്റ് ചെയ്തിട്ടുണ്ടെന്ന് അറിയാന്‍ സാധിക്കും,’ – അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന സ്ത്രീയെ പരിചയം ഉണ്ടെന്നും ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞാന്‍ തെറ്റുകാരനാണെങ്കില്‍ എന്നെയും ശിക്ഷിക്കണം,’ മണിയന്‍പിള്ള രാജു പറഞ്ഞു. രഞ്ജിത്തിനും സിദ്ദിഖിനും എതിരായ ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടവെന്നും അദ്ദേഹം പറഞ്ഞു.
അമ്മയുടെ സ്ഥാപക അംഗമാണ് താനെന്നും കഴിഞ്ഞ കമ്മറ്റിയില്‍ വരെ വൈസ് പ്രസിഡന്റ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെമ്പര്‍ഷിപ്പിന് വേണ്ടി പണം വാങ്ങിക്കുന്നതുള്‍പ്പടെയുള്ള അന്യായം നടന്നോ എന്നതില്‍ അറിവില്ലെന്നും വ്യക്തമാക്കി.
ഡബ്ലിയുസിസിയുടെ ആവശ്യം നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version