Site icon Malayalam News Live

കോട്ടയം മണിമലയിൽ മധ്യവയസ്കനെയും, ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നുപേർ അറസ്റ്റിൽ

മണിമല: മധ്യവയസ്കനെയും, ഭാര്യയെയും തോക്കും, വടിവാളും ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നുപേരേ പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട പെരിങ്ങര ഭാഗത്ത്‌ തയ്യിൽ പടിഞ്ഞാറേതിൽ വീട്ടിൽ പ്രവീൺ (43), കോട്ടയം പൂവത്തോലി ഭാഗത്ത് കോരോത്ത് വീട്ടിൽ സുരേഷ് കുമാർ എൻ (61), പത്തനംതിട്ട അയിത്തല ഭാഗത്ത് വലിയ തോട്ടത്തിൽ വീട്ടിൽ പദ്മകുമാർ (41) എന്നിവരെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് നവംബർ 30ന് വൈകിട്ടോടുകൂടി മണിമല പഴയിടം സ്വദേശിയായ മധ്യവയസ്കനും, ഭാര്യയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ഇവരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മധ്യവയസ്കൻ തന്റെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതിന് വേണ്ടി വണ്ടിയിൽ ഭാര്യയെയും കൂട്ടി പോകുന്ന സമയത്ത് ബൈക്കിൽ എത്തിയ ഇവർ നിലക്കത്താനം- പാമ്പേപ്പടി റോഡിൽ വച്ച് വാഹനം തടഞ്ഞു നിർത്തി ഇവരെ വടിവാൾ കൊണ്ട് ആക്രമിക്കുകയും, തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇവർക്ക് മധ്യവയസ്കനോടും കുടുംബത്തോടും സ്ഥലമിടപാടിന്റെ പേരിൽ മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് മധ്യവയസ്കനെയും ഭാര്യയെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു.

പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ വിനീത്കുമാർ, ബിജോയി കെ.പി എന്നിവരെ പിടികൂടുകയുമായിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന മറ്റു പ്രതികളെ കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ ശക്തമായ തിരച്ചിലിലാണ് ഇവരെ എറണാകുളത്തുനിന്ന് പോലീസ് പിടികൂടുന്നത്.

മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയപ്രകാശ് വി.കെ, എസ്.ഐ മാരായ സുനിൽ പി.പി, സജീവ്, സി.പി.ഓ മാരായ ടോമി സേവ്യർ, വിശാൽ, രാജീവ് ബിജേഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Exit mobile version