പാലക്കാട് : മണ്ണാർക്കാട് നബീസ കൊലപാതക കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
നബീസയുടെ മകളുടെ മകൻ കരിമ്പുഴ തോട്ടര പടിഞ്ഞാറേതില്‍ വീട്ടില്‍ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവരാണ് പ്രതികള്‍. സ്വത്ത് തട്ടിയെടുക്കാനായിരുന്നു കൊലപാതകം.
തോട്ടര സ്വദേശിനിയായ 71 കാരി നബീസയെ ബഷീറും ഫസീലയും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു,2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. ഭക്ഷണത്തില്‍ വിഷം ചേർത്ത് നല്‍കിയിട്ടും നബീസക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ല എന്ന് മനസ്സിലായതോടെ ,പ്രതികള്‍ ബലം പ്രയോഗിച്ച് വിഷം കുടിപ്പിക്കുകയായിരുന്നു.
തുടർന്ന് മൃതദേഹം വഴിയരികില്‍ ഉപേക്ഷിച്ചു . പ്രതികള്‍ തന്നെ തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പ് നബീസയുടെ സഞ്ചിയില്‍ നിന്നും കിട്ടിയതോടെയാണ് കേസില്‍ വഴിത്തിരിവ് ഉണ്ടായത്. നേരത്തെ മറ്റൊരു കേസില്‍ പ്രതിയായ ഫസീലക്ക് വീട്ടിലേക്ക് വരാൻ നബീസ തടസ്സമായതാണ് കൊലപാതകത്തിന് കാരണം.
