Site icon Malayalam News Live

കോട്ടയം കറുകച്ചാലിൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയെ മർദിച്ചു; സംഭവത്തിന് പിന്നാലെ കടയുടമയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; മനോവിഷമമെന്ന് പോലീസ്‌

കോട്ടയം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച് വീട്ടമ്മയെ മർദിച്ച വ്യാപാരിയെ വൈകിട്ട് റബർതോട്ടത്തിൽ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി. കറുകച്ചാൽ ബസ്‌സ്റ്റാൻഡിനുള്ളിൽ മയൂരി ഗിഫ്റ്റ്ഹൗസ് എന്ന കട നടത്തുന്ന ഏറ്റുമാനൂർ സ്വദേശി എം പി ജോയിയെ (65) ആണ് ഗുരുതരാവസ്ഥയിൽ എൻഎസ്എസ് പടിയിലെ റബർത്തോട്ടത്തിൽ കണ്ടെത്തിയത്. ഇയാളെ കറുകച്ചാൽ പൊലീസ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെ 9.30ന്‌ ജോയിയുടെ കടയിൽനിന്നും സാധനങ്ങൾ വാങ്ങിയ നെടുംകുന്നം സ്വദേശിനിയെ, തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് തെറ്റിദ്ധരിച്ച് ബസ് സ്റ്റാൻഡിൽവെച്ച് ജോയി മർദിച്ചിരുന്നു. ഇതുകണ്ട് യാത്രക്കാർ ഓടിക്കൂടിയപ്പോൾ, വീട്ടമ്മ തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ജോയി പറഞ്ഞു.

തുടർന്ന് പൊലീസെത്തി വിവരം തിരക്കിയപ്പോളാണ് മൊബൈൽ ഫോൺ കടയിൽവെച്ച് മാറിപ്പോയ വിവരം അറിയുന്നത്. പണം നൽകുന്നതിനിടയിൽ വീട്ടമ്മ തന്റെ മൊബൈൽ ഫോൺ ജോയിയുടെ മേശപ്പുറത്ത് വെക്കുകയും തിരിക്കിനിടയിൽ അബദ്ധത്തിൽ ഫോൺ മാറി എടുക്കുകയുമായിരുന്നു. വീട്ടമ്മയുടെ ഫോൺ ജോയിയുടെ മേശപ്പുറത്ത് നിന്നും പിന്നീട് കണ്ടെത്തി.

തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്ന് ജോയി പിന്നീട് സമ്മതിച്ചു. ഇതോടെ വീട്ടമ്മ പരാതി നൽകാതെ കേസിൽനിന്ന്‌ പിന്മാറി. വൈകിട്ട് നാലരയോടെ എൻഎസ്‌എസ്. പടിക്കലെ റബർ തോട്ടത്തിൽ ഒരാളെ അബോധാവസ്ഥയിൽ കണ്ട വിവരം നാട്ടുകാർ കറുകച്ചാൽ പോലീസിൽ അറിയിച്ചു.

പൊലീസെത്തിയപ്പോളാണ് ജോയിയാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലത്തെ സംഭവത്തെത്തുടർന്നുണ്ടായ മാനസികവിഷമത്തിൽ ജോയി വിഷം കഴിച്ചതാകാമെന്നാണ് പൊലീസ് കരുതുന്നത്.

Exit mobile version