Site icon Malayalam News Live

വാടക കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വാറ്റ് ചാരായം കടത്തിയെന്നാരോപിച്ച് തട്ടികൊണ്ടുപോയി മർദ്ദനം; ​ഗുണ്ടകളുടെ മർദ്ദനമേറ്റ് സുഹൃത്തിന്റെ വീട്ടിലെത്തി ഉറങ്ങാൻ കിടന്ന യുവാവ് മരിച്ച നിലയിൽ

അങ്കമാലി: ഗുണ്ടാസംഘത്തിന്റെ മർദ്ദനമേറ്റ യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അങ്കമാലി പാലിശ്ശേരി കൂരത്ത് വീട്ടിൽ പരേതനായ ബാബുവിന്റെയും ജലജയുടെയും മകൻ രഘു (35) ആണ് മരിച്ചത്.

മുന്നൂർപ്പിള്ളിയിലുള്ള സുഹൃത്ത് സുജിത്തിന്റെ വീട്ടിലാണ് രഘുവിനെ വ്യാഴാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 11നാണ് സുജിത്തിന്റെ വീട്ടിൽ രഘുവെത്തിയത്. മർദ്ദനമേറ്റ വിവരം സുജിത്തിനോട് രഘു പറഞ്ഞിരുന്നു. വെള്ളം വാങ്ങി കുടിച്ചശേഷം രഘു ഉറങ്ങാൻ കിടന്നു. രാവിലെ ഉണരാതിരുന്നതിനെ തുടർന്ന് ചെന്നുനോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടത്.

നിരവധി കേസുകളിൽ പ്രതിയായ കട്ടിങ് സ്വദേശി സതീഷും സംഘവുമാണ് രഘുവിനെ മർദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. സതീഷും സംഘവും അടിച്ചിലി കുന്നപ്പിള്ളിയിലെ ഒരു വാടക കെട്ടിടത്തിൽ വാറ്റ് ചാരായം സൂക്ഷിച്ചിരുന്നു.

ഈ ചാരായം രഘുവും കൂട്ടുകാരും കടത്തിയെന്നാരോപിച്ചായിരുന്നു മർദ്ദനം. രഘുവിന്റെ രണ്ട് സുഹൃത്തുകളെ നേരത്തെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചിരുന്നു. എന്നാൽ, ഇവർ പോലീസിൽ പരാതി നൽകിയില്ല. ബുധനാഴ്ചയാണ് രഘുവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. മർദ്ദിച്ചശേഷം തിരികെ കൊണ്ടുവന്നാക്കി. സതീഷിനെയും മറ്റു രണ്ടുപേരെയും പോലീസ് തിരയുന്നുണ്ട്.

സതീഷ് ഒലിമൗണ്ടിലുള്ള സുഹൃത്തിന്റെ വീട്ടിൽ ചെന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അവിടെ എത്തി പരിശോധന നടത്തി. ഇയാളുടെ വീട്ടിൽനിന്നും പഴയ രണ്ട് എയർഗൺ പിടിച്ചെടുത്തിട്ടുണ്ട്. സതീഷ് സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

ഗുണ്ടാസംഘത്തിന്റെ മർദ്ദനമേറ്റതാകാം മരണകാരണമെന്നാണ് പോലീസ് നിഗമനം. കൊലപാതകമെന്ന നിലയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രഘുവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം കൃത്യമായി അറിയാൻ കഴിയൂ. മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Exit mobile version