Site icon Malayalam News Live

ഉറക്കത്തിനിടെ റിംഗ് ചെയ്ത മൊബൈൽ ഫോൺ എടുത്ത് ഹലോ പറഞ്ഞു, കടിക്കാതെ രക്ഷപ്പെട്ടത് ഭാ​ഗ്യം, എടുത്ത് ചെവിയിൽ വച്ചത് ഉ​ഗ്രവിഷമുള്ള പാമ്പിനെ

ആലപ്പുഴ: ഉറക്കത്തിനിടെ റിംഗ് ചെയ്ത മൊബൈൽ ഫോൺ എടുത്ത് ചെവിയിൽ വച്ചു. കടിയേൽക്കാതെെ രക്ഷപ്പെട്ടത് ഭാ​ഗ്യം. ഫോൺ കടിക്കുമെന്ന് ചിന്തിച്ച് ആരും അന്തംവിടണ്ട. സം​ഗതി സത്യമാണ്. പക്ഷേ, കയ്യിൽ എടുത്തത് ഫോണല്ലെന്ന് മാത്രം.

പകരം കയ്യിലെടുത്തത് നല്ല ഉ​ഗ്രവിഷമുള്ള പാമ്പിനെ. തിരുവല്ല ബിലീവേഴ്‌സ് ആശുപത്രി ജീവനക്കാരനായ മാന്നാർ കുരട്ടിക്കാട് മൂശാരിപ്പറമ്പിൽ കെ.എം.ഹസനാണ് വ്യാഴാഴ്ച രാത്രിയിൽ ജോലി കഴിഞ്ഞെത്തി ഉറങ്ങുന്നതിനിടയിൽ അബദ്ധം പറ്റിയത്.

രാത്രിയിൽ ഉറക്കത്തിനിടെ റിംഗ് ചെയ്ത മൊബൈൽ ഫോണിനുപകരം കയ്യിലെടുത്ത് ഹലോ പറഞ്ഞത് വിഷപ്പാമ്പിനെയെടുത്ത്. കടിയേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ആലോചിക്കുമ്പോൾ പേടിമാറുന്നില്ലെന്ന് ഹസൻ പറയുന്നു.

രാത്രി പതിനൊന്ന് മണിയോടെ റിംഗ് ചെയ്തത് കേട്ട് സമീപത്തു വെച്ചിരുന്ന മൊബൈൽ ഫോണിനു പകരം പാമ്പിനെയാണ് പിടിച്ചത്. അസ്വാഭാവികത തോന്നി നോക്കിയപ്പോൾ ഉഗ്രവിഷമുള്ള മോതിര വളയൻ പാമ്പാണ് കൈയിലുള്ളതെന്ന് മനസിലായി.

ഉടൻ തന്നെ പേടിയോടെ വലിച്ചെറിഞ്ഞ പാമ്പ് ഇഴഞ്ഞ് പുറത്തേക്കിറങ്ങിപ്പോയി. ചൂട് കാരണം സിറ്റൗട്ടിൽ ബെഡ് വിരിച്ചാണ് ഹസൻ കിടന്നത്. പിടുത്തം തലയിലായതിനാലാണ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്.

കുരട്ടിക്കാട് ശ്‌മശാനം റോഡിനോട് ചേർന്നാണ് ഹസൻ താമസിക്കുന്നത്. ഇവിടെ കാടുപിടിച്ചു കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യം ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.

Exit mobile version