Site icon Malayalam News Live

ഡെങ്കിപ്പനി ബാധിച്ച മകളെ കാണാന്‍ കോട്ടയത്തേയ്ക്കു യാത്ര; തൊടുപുഴക്കാരന് ബസില്‍ ക്രൂര മര്‍ദനം; ഇടതുകാല്‍ മുറിച്ചു മാറ്റി

കോട്ടയം: ഡെങ്കിപ്പനി ബാധിച്ച മകളെ കാണാന്‍ ഹൈദരാബാദില്‍ നിന്നു കോട്ടയത്തേക്കു ബസില്‍ വരവേ സേലത്തുവച്ച്‌ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ തൊടുപുഴ സ്വദേശിക്കു ബസില്‍ ക്രൂരമായി മര്‍ദനമേറ്റെന്നു പരാതി.

പരുക്കേറ്റ തൊടുപുഴ കരിമണ്ണൂര്‍ മുളപ്പുറം നെല്ലിക്കാത്തടത്തില്‍ ആന്റണിയുടെ (42) നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഇടതുകാല്‍ മുറിച്ചു മാറ്റി.

അണുബാധ കൂടിയാല്‍ വലത്തേകാലും മുറിച്ചുമാറ്റണമെന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. വാരിയെല്ലുകള്‍ക്കു പരുക്കേറ്റിട്ടുമുണ്ട്. ഇപ്പോഴും അബോധാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

മൊഴി രേഖപ്പെടുത്തിയാലേ സംഭവം വ്യക്തമാകൂവെന്നു കരിമണ്ണൂര്‍ പൊലീസ് പറഞ്ഞു. ആന്റണിയുടെ മൊബൈല്‍ ഫോണ്‍ തമിഴ്‌നാട് സ്വദേശിയായ മറ്റൊരാളുടെ പക്കലായിരുന്നുവെന്നും ഇയാള്‍ ആന്റണിക്കൊപ്പം ബസിലുണ്ടായിരുന്നുവെന്നും ഭാര്യ ജോണ്‍സി പറയുന്നു.

ബസിനുള്ളിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു ജീവനക്കാര്‍ ആന്റണിയെ ക്രൂരമായി മര്‍ദിച്ചെന്നു തമിഴ്‌നാട് സ്വദേശി ഫോണിലൂടെ വെളിപ്പെടുത്തിയെന്നാണു ജോണ്‍സി പറയുന്നത്. വെല്‍ഡിങ് ജോലിക്കാരനായ ആന്റണിക്കു ഹൈദരാബാദിലാണു ജോലി.

Exit mobile version