Site icon Malayalam News Live

സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; ഒഡീഷയില്‍ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി അന്യ സംസ്ഥാന സ്വദേശിയെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു

ഗാന്ധിനഗര്‍: വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യ സംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി നാരായൺ നായികാണ് (35) ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്.

ഇയാൾ ഒഡീഷയില്‍ നിന്നും വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് രാവിലെ അതിരമ്പുഴ കുന്നേൽപടി ഭാഗത്ത് വച്ച് ഇയാളെ കഞ്ചാവുമായി പിടികൂടിയത്.

ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് 2 കിലോ 70 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. ഇയാളെ വിശദമായി ചോദ്യംചെയ്തു വരികയാണ്.

ഗാന്ധിനഗർ സ്റ്റേഷന്‍ എസ്.എച്ച്.ഓ ടി.ശ്രീജിത്ത്, എസ്.ഐ എം.കെ അനുരാജ്, എ.എസ്.ഐ സി.സൂരജ്, സി.പി.ഓ മാരായ അനൂപ്, രഞ്ജിത്, സജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

Exit mobile version