Site icon Malayalam News Live

‘ഞങ്ങളെ കരിവാരി തേക്കാൻ ശ്രമം’: ഭ്രമയുഗത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച്‌ കുഞ്ചമണ്‍ ഇല്ലം

 

കൊച്ചി: മമ്മൂട്ടി മുഖ്യ വേഷത്തില്‍ വന്ന് റിലീസിന് തയാറെടുക്കുന്ന ചലച്ചിത്രം ഭ്രമയുഗത്തിനെതിരെ കുഞ്ചമണ്‍ ഇല്ലം ഹൈക്കോടതിയില്‍.രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ വന്ന ഭ്രമയുഗം ഫെബ്രുവരി 15ന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്‍റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ളവ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ കുഞ്ചമണ്‍ ഇല്ലക്കാരാണ് സിനിമയ്‌ക്കെതിരെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

ഭ്രമയുഗം എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കുഞ്ചമണ്‍ പോറ്റി അഥവാ പുഞ്ചമണ്‍ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരാണെന്നും. സിനിമയില്‍ ദുര്‍മന്ത്രവാദമുള്‍പ്പടെയുള്ളവ കാണിക്കുന്നത് കുടുംബത്തിനെ അധിക്ഷേപിക്കുന്നതാണെന്നാണ് ഹര്‍ജിയിലെ ആരോപണം. മമ്മൂട്ടിയെപ്പോലെ ഒരു നടന്‍ ഇത്തരം വേഷം ചെയ്യുന്നത് ഒരുപാട് ആളുകളെ സ്വാധീനിക്കും എന്നും ഹര്‍ജിയില്‍ പറയുന്നു. കുഞ്ചമണ്‍ ഇല്ലക്കാരുടെ ഹര്‍ജിയില്‍ ഹൈക്കോടതി കക്ഷികള്‍ക്ക് നോട്ടീസ് അയച്ചുവെന്നാണ് വിവരം.

തങ്ങളുടെ കുടുംബപ്പേര് ചിത്രത്തില്‍ ഉപയോഗിക്കുന്നത് കുടുംബത്തെ മന:പൂര്‍വ്വം കരിവാരിതേക്കാനും, സമൂഹത്തില്‍ മാനം കെടുത്താനുമാണെന്ന് ഭയപ്പെടുന്നതായും ഹര്‍ജിയില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ തയ്യാറായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഭ്രമയുഗത്തില്‍ ഉപയോഗിച്ച തങ്ങളുടെ കുടുംബ പേര് അടക്കം മാറ്റണമെന്നും ഹര്‍ജിയില്‍ പറയുന്നു.

 

 

Exit mobile version