Site icon Malayalam News Live

ഇൻഡ്യ മുന്നണി യോഗം; ബുധനാഴ്ച നടക്കാനിരിക്കുന്ന ഇൻഡ്യ മുന്നണിയുടെ യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

 

കൊൽക്കത്ത :  യോഗത്തെക്കുറിച്ച്‌ നേരത്തെ അറിയാമായിരുന്നെങ്കില്‍ അതിനനുസരിച്ച്‌ പരിപാടികള്‍ നിശ്ചയിക്കുമായിരുന്നുവെന്നും അവസാന നിമിഷം എങ്ങനെ ഷെഡ്യൂള്‍ മാറ്റാനാകുമെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മമത ബാനര്‍ജി ചോദിച്ചു.

“യോഗത്തെക്കുറിച്ച്‌ എനിക്ക് ഒരു വിവരവുമില്ല. എന്നെ ആരും ഫോണില്‍ അറിയിച്ചിട്ടില്ല. ഏതായാലും ഡിസംബര്‍ 6ന് ഞാൻ വടക്കൻ ബംഗാളില്‍ ആയിരിക്കും. യോഗത്തെക്കുറിച്ച്‌ നേരത്തെ അറിയാമായിരുന്നെങ്കില്‍ അതിനനുസരിച്ച്‌ പ്രോഗ്രാം ഷെഡ്യൂള്‍ ചെയ്യുമായിരുന്നു. അവസാന നിമിഷത്തില്‍ എങ്ങനെ ഷെഡ്യൂള്‍ മാറ്റാനാകും”- മമത ചോദിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തിങ്കളാഴ്ച വടക്കൻ ബംഗാളില്‍ എത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ഡിസംബര്‍ 6-ന് നടക്കുന്ന ഇൻഡ്യ സഖ്യത്തിന്‍റെ യോഗത്തില്‍ മമത ബാനര്‍ജിയോ അഭിഷേക് ബാനര്‍ജിയോ ഉണ്ടാകില്ലെന്നാണ് വിവരങ്ങള്‍. പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കാൻ മറ്റൊരാളെ നിയോഗിക്കുമോ എന്നത് വ്യക്തമായിട്ടില്ല.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മമത ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇൻഡ്യ മുന്നണിയിലെ മറ്റ് കക്ഷികളോടുള്ള കോണ്‍ഗ്രസിന്‍റെ മനോഭാവം മാറ്റണമെന്നും 2024ലെ തെരഞ്ഞെടുപ്പിനായി ഒരുമിച്ച്‌ പോരാടണമെന്നും ഇരുവരും പറഞ്ഞിരുന്നു

Exit mobile version