പശ്ചിമ ബംഗാൾ ഗവർണറായി നിയമിതനായ ആർഎൻ രവിക്ക് മുഖ്യമന്ത്രി മമത ബാനർജിയുടെ മുന്നറിയിപ്പ്. ആർഎൻ രവി ബിജെപി കേഡറെന്ന് മമത വിമർശിച്ചു. തമിഴ്‌നാട്ടിൽ ആഗ്രഹിച്ചതൊക്കെ ചെയ്‌തിരിക്കാം. പക്ഷേ ബംഗാളിൽ അത് നടക്കില്ലെന്ന് മമത ബാനർജി മുന്നറിയിപ്പ് നൽകി. ലോക് ഭവനെ ബിജെപി പാർട്ടി ഓഫീസാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും മമത കുറ്റപ്പെടുത്തി. ആനന്ദ ബോസിന്റെ രാജി കേന്ദ്ര സമ്മർദം മൂലമെന്ന് മമത ആവർത്തിച്ചു. കേന്ദ്ര സർക്കാർ പെരുമാറുന്നത് മുഹമ്മദ് ബിൻ തുഗ്ലക്കിനേക്കാൾ മോശമായാണെന്ന് മമത ബാനർജി വിമർശിച്ചു. ഭീഷണിപ്പെടുത്താൻ ശ്രമിച്ചാൽ കേന്ദ്രത്തിൽ ബിജെപി സർക്കാരിന്റെ പതനം ഉറപ്പാക്കുമെന്നും മമത മുന്നറിയിപ്പ് നൽകി.
സിവി ആനന്ദബോസ് രാജിവെച്ചതിനെ തുടർന്നാണ് തമിഴ്നാട് ഗവർണറായിരുന്ന ആർഎൻ രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചത്. സിവി ആനന്ദബോസിന്റെ രാജി ഞെട്ടിച്ചെന്നായിരുന്നു മുഖ്യമന്ത്രി മമത കഴിഞ്ഞദിവസം പ്രതികരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രിയിൽ നിന്നുള്ള സമ്മർദ്ദത്തിന് ഗവർണർ വഴങ്ങിയിട്ടുണ്ടാകാമെന്ന് താൻ സംശയിക്കുന്നതായി മമത ആരോപിച്ചിരുന്നു.
