കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ വീണ്ടും മലേറിയ സ്ഥിരീകരിച്ചു. ഒളവണ്ണ സ്വദേശിക്കാണ് മലേറിയ സ്ഥീരീകരിച്ചത്. രോഗം ബാധിച്ച 63 വയസുകാരൻ ബീച്ച് ആശുപത്രിയിൽ ചികിൽസയിലാണ്. ചുമട്ടുതൊഴിലാളിക്കാണ് രോഗം ബാധിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പനി ശക്തമായ ഇയാൾക്ക് നടത്തിയ മലേറിയ പരിശാേധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികൾ തിങ്ങിപ്പാക്കുന്നിടത്താണ് രോഗബാധിതനായ ചുമട്ടുെതാഴിലാളിയും താമസിക്കുന്നത്. ഇവിടെ താമസിക്കുന്ന ആർക്കെങ്കിലും മലേറിയ ബാധ ഉണ്ടായിരിക്കാമെന്നും അതുവഴിയാകാം രോഗം പകർന്നതെന്നുമാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്. കഴിഞ്ഞദിവസം തിക്കോടിയിൽ ഒരു ഇതരസംസ്ഥാന തൊഴിലാളിക്കും മലേറിയ സ്ഥിരീകരിച്ചിരുന്നു. മധ്യപ്രദേശ് സ്വദേശിയായ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ.
