Site icon Malayalam News Live

വീടിനടുത്തുള്ള റോഡിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചുവയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ 43 കാരന് 40 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

മലപ്പുറം: വീടിനടുത്തുള്ള റോഡില്‍ കളിച്ചു കൊണ്ടിരിക്കയായിരുന്ന അഞ്ചു വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 43കാരന് 40വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും.

മലപ്പുറം എടവണ്ണ പത്തപ്പിരിയം മൂത്തേടത്ത് പാറക്കല്‍ വീട്ടില്‍ ഇല്ല്യാസിനെയാണ് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് എം പി ജയരാജ് ശിക്ഷിച്ചത്.
2021 ഫെബ്രുവരി 13ന് വൈകുന്നേരമാണ് കേസിന്നാസ്പദമായ സംഭവം. വീടിനടുത്തുള്ള റോഡില്‍ കൂട്ടുകാരൊത്ത് കളിച്ചു കൊണ്ടിരിക്കയായിരുന്ന കുഞ്ഞിനെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച പ്രതി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
ഇവിടെ വെച്ചാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.

സംഭവം പുറത്തു പറയരുതെന്ന് പ്രതി പറഞ്ഞിരുന്നുവെങ്കിലും സ്വന്തം വീട്ടിലെത്തിയ കുട്ടി മാതാവിനോട് വിവരം പറയുകയായിരുന്നു. ഉടന്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ആശുപത്രി അധികൃതര്‍ പൊലീസിലറിയിക്കുകയുമായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.
എടവണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന സുനീഷ് കെ തങ്കച്ചന്‍, വി വി ലതീഷ് എന്നിവരായിരുന്നു കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ 20 സാക്ഷികളെ കോടതി മുമ്ബാകെ വിസ്തരിച്ചു.

26 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍വിംഗിലെ എ എസ് ഐ എന്‍ സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതി റിമാന്റില്‍ കിടന്ന കാലാവധി ശിക്ഷയില്‍ ഇളവു ചെയ്യും. പ്രതി പിഴയടക്കുന്നില്ലെങ്കില്‍ മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കണം.
പ്രതി പിഴയടക്കുന്ന പക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കണമെന്ന് കോടതി വിധിച്ചു. മാത്രമല്ല സര്‍ക്കാരിന്റെ വിക്ടിം കോമ്ബന്‍സേഷന്‍ ഫണ്ടില്‍ നിന്നും അതിജീവിതക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കാന്‍ കോടതി ഉത്തരവിട്ടു.

Exit mobile version