Site icon Malayalam News Live

മലപ്പുറത്ത് വീടിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേർ മരിച്ചു ; സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യയെന്നാണ് പോലീസ് നിഗമനം

മലപ്പുറം:മലപ്പുറം പെരുമ്പടപ്പിൽ പുറങ്ങിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേര്‍ മരിച്ചു.

അപകടത്തില്‍ അഞ്ചുപേര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ബേണ്‍സ് ഐസിയുവിൽ ചികിത്സയിലായിരുന്ന പുറങ്ങ് പള്ളിപ്പടി തൂക്ക് പാലത്തിന് സമീപത്ത് താമസിക്കുന്ന ഏറാട്ട് വീട്ടിൽ സരസ്വതി, മകൻ മണികണ്ഠൻ, ഭാര്യ റീന എന്നിവരാണ് മരിച്ചത്.ഇവരുടെ മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർക്കും പൊള്ളലേറ്റിരുന്നു. ഇവരും ചികിത്സയിലാണ്. സംഭവം നടക്കുമ്പോള്‍ കുട്ടികള്‍ സമീപത്തെ മുറിയിലായിരുന്നു. തീപിടിക്കുന്നത് കണ്ട് ഓടിവന്ന കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. ഇവരുടെ പരിക്ക് സാരമുള്ളതല്ല.

മരിച്ച മൂന്നുപേര്‍ക്കും 90ശതമാനവും പൊള്ളലേറ്റിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ വീടിൻ്റെ ഒരു മുറിയിലാണ് തീപിടുത്തം ഉണ്ടായത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.സാമ്പത്തിക ബാധ്യതയെ തുട‍ർന്നുള്ള ആത്മഹത്യായാണ് നടന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. പെട്രോളൊഴിച്ച് തീകൊളുത്തിയതാണെന്നാണ് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിലെ വിവരം. പെട്രോള്‍ അടങ്ങിയ കുപ്പി അടക്കം സ്ഥലത്ത് നിന്നും കണ്ടെത്തി.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version