Site icon Malayalam News Live

മലപ്പുറം വളാഞ്ചേരിയിലെ കെഎസ്എഫ്ഇ ശാഖയിൽ 221.63 പവൻ സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ച് 1.48 കോടിയുടെ വൻ തട്ടിപ്പ് ; 5 പേർക്കെതിരെ കേസ്

മലപ്പുറം: കെഎസ്എഫ്ഇ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് വൻ തട്ടിപ്പ്. മലപ്പുറം വളാഞ്ചേരിയിലെ കെഎസ്എഫ്ഇ ശാഖയിലാണ് തട്ടിപ്പ് നടന്നത്.
സംഭവത്തില്‍ വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയിലെ അപ്രൈസറായ രാജൻ, മുക്കുപണ്ടം പണയം വെച്ച പാലക്കാട് സ്വദേശികളായ അബ്ദുള്‍ നിഷാദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അഷ്റഫ്, റഷീദലി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആകെ 221.63 പവൻ സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ചാണ് മുക്കുപണ്ടം പണയം വെച്ച് 1.48 കോടിയുടെ തട്ടിപ്പ് നടത്തിയത്.
സ്വര്‍ണം പണയം വെക്കുമ്പോള്‍ സ്വര്‍ണം ആണോയെന്ന് പരിശോധിക്കുന്ന ജീവനക്കാരനാണ് രാജൻ.
ഇയാളുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ശാഖാ മാനേജര്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. പത്ത് അക്കൗണ്ടുകളിലൂടെയാണ് പണയം വെച്ചത്. ചില ചിട്ടിയ്ക്ക് ജാമ്യമായും സ്വര്‍ണമാണെന്ന വ്യാജേന മുക്കുപണ്ടമാണ് വെച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലും ഈ വര്‍ഷം ജനുവരിയിലും സ്വര്‍ണം വെച്ചിട്ടിട്ടുണ്ട്.
സംഭവത്തില്‍ മറ്റു ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

Exit mobile version