Site icon Malayalam News Live

മലപ്പുറം ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍.

 

 

മലപ്പുറം :  പലരും പാതിവഴിയില്‍ യാത്ര ഉപേക്ഷിച്ചു. വിദ്യാര്‍ത്ഥികളാണ് കൂടുതല്‍ ദുരിതത്തിലായത്. പരപ്പനങ്ങാടി മഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ ബസിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സമരം. വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ പണിമുടക്ക് ആരംഭിച്ചത്.

കോട്ടക്കല്‍-തിരൂര്‍, കോട്ടക്കല്‍-മലപ്പുറം, മഞ്ചേരി-മലപ്പുറം, മലപ്പുറ-വേങ്ങര-പരപ്പനങ്ങാടി റൂട്ടുകളിലെല്ലാം പണിമുടക്ക് ശക്തമാണ്. രാവിലെ മുന്നറിയിപ്പില്ലാതെ ആരംഭിച്ച ബസ്‌സമരം വിദ്യാര്‍ത്ഥികളേയും ഉദ്യോഗസ്ഥരേയുമടക്കം ബാധിച്ചു. ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാതെ ഭൂരിഭാഗമാളുകളും വഴിയില്‍ കുടുങ്ങി. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വൻ തിരക്ക് അനുഭവപ്പെട്ടു.

മഞ്ചേരി – പരപ്പനങ്ങാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാരനെതിരെ പൊലിസ് കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തിയത്. മഞ്ചേരിയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്കും തിരൂരിലേക്കും തിരിച്ചും സര്‍വീസ് നിര്‍ത്തിവെക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പണിമുടക്ക് പൂര്‍ണമായി. മഞ്ചേരിയില്‍ നിന്ന് അരീക്കോട്, നിലമ്ബൂര്‍, വണ്ടൂര്‍, പാണ്ടിക്കാട്, പെരിന്തല്‍മണ്ണ, മലപ്പുറം, തിരൂര്‍ ഭാഗങ്ങളിലേക്കൊന്നും ബസുകള്‍ സര്‍വീസ് നടത്തിയില്ല.

പണിമുടക്ക് അറിയാതെ രാവിലെ സ്‌കൂളിലേക്കും ഓഫീസുകളിലേക്കും മറ്റുമിറങ്ങിയ യാത്രക്കാര്‍ പെരുവഴിയിലായി. മെഡിക്കല്‍ കോളജിലേക്കെത്തിയ രോഗികളും ജീവനക്കാരും ബുദ്ധിമുട്ടിലായി. പണിമുടക്ക് വിവരം അറിയാതെ ജോലിക്കിറങ്ങിയ പലരും വീട്ടിലേക്ക് തന്നെ മടങ്ങേണ്ടി വന്നു. സ്‌കൂളുകളിലെത്താനാകാതെ വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലായി. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിലയിലും കുറവുണ്ടായി. സമാന്തര ഓട്ടോ സര്‍വീസുകളെയാണ് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ ആശ്രയിച്ചത്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തിയത് ആശ്വാസമായി. കോഴിക്കോട് – വഴിക്കടവ് – മലപ്പുറം ഭാഗത്തേക്കുള്ള ബസുകളില്‍ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

 

 

Exit mobile version