Site icon Malayalam News Live

മലപ്പുറത്ത് ലോറിയില്‍‌നിന്നും സ്‌ഫോടകവസ്‌തു പിടികൂടിയ സംഭവം; ഡ്രൈവറടക്കം രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: തിരൂരങ്ങാടി ചെമ്മാട് കോഴിക്കോട് റോഡിലെ ഹോളോ ബ്രിക്‌സ് കമ്പനിയിലെത്തിയ ലോറിയില്‍ നിന്നും വൻ സ്‌ഫോടകവസ്‌തു ശേഖരം പിടികൂടിയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി.

ലോറി ഡ്രൈവർ കണ്ണൂർ സ്വദേശി അനില്‍കുമാർ (51), കാസർകോട് ചിറ്റാരിക്കല്‍ സ്വദേശിയെന്ന് കരുതുന്ന സജി എന്ന മുഹമ്മദ് സലിം (52) എന്നിവരെയാണ് കണ്ണൂരില്‍ നിന്നും തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇതില്‍ സജി മുൻപ് നാല് കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്കെതിരെ ഈരാറ്റുപേട്ട, സുല്‍ത്താൻ ബത്തേരി, കൊണ്ടോട്ടി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.

 

മലപ്പുറം വണ്ടൂർ സ്വദേശിനിയായ യുവതിയാണ് ലോറി ഉടമ. ഇവരുടെ ഭർത്താവാണ് വാഹനം നോക്കിയിരുന്നത്. വെള്ളിയാഴ്‌ച സവാള കയറ്റിവന്ന ലോറിയില്‍ കാർഡ്‌ബോർഡ് ബോക്സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തുക്കള്‍. അത്യുഗ്രശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകള്‍, ഡിറ്റണേറ്റർ വയറുകള്‍ എന്നിവയാണ് തിരൂരങ്ങാടി എസ്.എച്ച്‌.ഒ ബി. പ്രദീപ് കുമാറും സംഘവും നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ലോറിയില്‍ 130 ചാക്ക് സവാള ഉണ്ടായിരുന്നു. അതിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലാണ് സ്‌ഫോടക വസ്തുക്കള്‍. 300 ഷോക് ട്യൂബ് വയറുകളടങ്ങിയ 35 പെട്ടികളും 300 എക്സ്‌പ്ലോസീവ് ജലാറ്റിൻ സ്റ്റിക്കുകളടങ്ങുന്ന 448 പെട്ടികളുമാണ് പിടികൂടിയത്‌.

 

ലോറിയിലെ സവാള ചെറിയ ലോറിയിലേക്ക് മാറ്റാൻ ഒരു സംഘം വെള്ളിയാഴ്‌ച രാത്രി എത്തിയിരുന്നു. ഇതോടൊപ്പം കാറിലും ഒരുസംഘം ആളുകളുണ്ടായിരുന്നു. പൊലീസ് എത്തിയതോടെ ഇവരെല്ലാം സ്ഥലംവിട്ടു. തമിഴ്‌നാട്ടില്‍ നിന്നും കർണാടകയില്‍ നിന്നും ക്വാറിയിലേക്ക് ആവശ്യമായ സ്‌ഫോടകവസ്‌തുക്കള്‍ കൊണ്ടുവന്നിരുന്ന സംഘമായിരുന്നു ഇവ‌ർ. മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിലേക്ക് രാസവള ലഹരി എത്തിക്കുന്ന സംഘവുമായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു. ഇതിലും അന്വേഷണം നടക്കുകയാണ്.

Exit mobile version