Site icon Malayalam News Live

ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിക്കാനും നടപടി നിർദേശിക്കാനും വനിത ഐപിഎസ് ഓഫീസർമാരെ നിയമിക്കണം; ബുധനാഴ്ച രാവിലെ മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എംപിയുടെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേക്ക് മാർച്ച്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എംപിയുടെ നേതൃത്വത്തിൽ വനിതകൾ ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തും. റിപ്പോർട്ട് പഠിക്കാനും നടപടി നിർദേശിക്കാനും വനിത ഐപിഎസ് ഓഫീസർമാരെ സർക്കാർ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച രാവിലെയാണ് മാർച്ച് നടത്തുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വൈകിയതിൽ മുഖ്യമന്ത്രി പിണറായി വിജയനേയും സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമെതിരെ ജെബി മേത്തർ സംസാരിച്ചു. റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിവച്ച മുഖ്യമന്ത്രിയും മന്ത്രി സജി ചെറിയാനുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നായിരുന്നു ജെബി മേത്തർ ആവശ്യപ്പെട്ടത്.

ഈ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന വേദനിക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടും വനിതാ മന്ത്രിമാർ പ്രതികരിക്കുന്നില്ലെന്ന് ജെബി മേത്തർ ചൂണ്ടിക്കാട്ടി. ഇവരാണ് യഥാർത്ഥ സ്ത്രീ വിരോധികളെന്നും റിപ്പോർട്ടിന്മേൽ എന്ത് നടപടിയെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കാത്തത് ദുരൂഹമാണെന്നും ജെബി മേത്തർ കൂട്ടിച്ചേർത്തു.

മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്.

ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Exit mobile version