Site icon Malayalam News Live

മാന്നാർ കൊലക്കേസ്; ഭര്‍ത്താവ് അനില്‍ ഇസ്രയേലില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരണം; നാട്ടിലെത്തിയില്ലെങ്കില്‍ പോലീസ് തിരച്ചില്‍ നോട്ടീസും വാറൻ്റും പുറപ്പെടുവിക്കും

ആലപ്പുഴ: പരപുഷ ബന്ധം സംശയിച്ച്‌ മാന്നാറില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും കൊല്ലപ്പെട്ട കലയുടെ ഭർത്താവുമായ അനില്‍ ഇസ്രയേലില്‍ തന്നെയുണ്ടെന്ന് സ്ഥിരീകരണം.

മൂന്ന് മാസം മുൻപാണ് അനില്‍ ഇസ്രയേലിലേക്ക് പോയത്. അനിലിനെ നാട്ടിലെത്തിക്കാനായി പൊലീസ് ശ്രമിച്ചിരുന്നെങ്കിലും ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ഇതിനിടെ അനില്‍ ഇസ്രയേലില്‍ ആശുപത്രിയിലാണെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്.

പതിനഞ്ച് വർഷം മുൻപ് കാണാതായ കല കൊല്ലപ്പെട്ടതാണെന്ന പൊലീസിന്റെ സ്ഥിരീകരണത്തിന് പിന്നാലെയാണ് ഭർത്താവ് അനിലിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത്. നിലവില്‍ അനില്‍ ഉള്ള ഇസ്രായേലിലെ സ്ഥലവും തിരിച്ചറിഞ്ഞെന്നാണ് സൂചന. പാസ്പോർട്ട് രേഖകള്‍ പരിശോധിച്ചാണ് പൊലീസ് വിവരം സ്ഥിരീകരിച്ചത്.

മൂന്നുമാസമായി ഇയാള്‍ ഇസ്രായേലില്‍ തന്നെയുണ്ടെന്ന് പരിശോധനയില്‍ പൊലീസിന് വ്യക്തമായി. അനില്‍ തിരിച്ച്‌ നാട്ടിലെത്തിയില്ലെങ്കില്‍ തിരച്ചില്‍ നാട്ടിലെത്തിയില്ലെങ്കില്‍ തിരച്ചില്‍ നോട്ടീസും വാറൻ്റും പുറപ്പെടുവിക്കും.

കലയെ കാണാതായതിന് ശേഷം പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കല കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ച്‌ മറ്റൊരാള്‍ക്കൊപ്പം പോയതാണെന്ന വാദം അനില്‍ ഉയർത്തിയതോടെ അന്വേഷണം നിലച്ചു. പിന്നീട് പതിനഞ്ച് വർഷത്തിനിപ്പുറം അമ്പലപ്പുഴ പൊലീസിന് നിരന്തരമായി ലഭിച്ച ഊമക്കത്തില്‍ നിന്നാണ് കലയുടേത് തിരോധാനമല്ല, കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്.

ഇതിന് പിന്നാലെ പൊലീസ് അന്വേഷണം നടത്തുകയും ബന്ധുക്കളായ നാല് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

Exit mobile version