മാന്നാർ: പാതയോരങ്ങളില്‍ പടർന്നുപന്തലിച്ചു നില്‍ക്കുന്ന കൂറ്റൻ മരങ്ങള്‍ യാത്രക്കാരുടെയും സമീപവാസികളുടെയും ജീവന് ഭീഷണിയാകുന്നു.
മാന്നാർ-ചെങ്ങന്നൂർ റോഡില്‍ കുട്ടംപേരൂർ മുട്ടേല്‍ പാലത്തിന് കിഴക്കുവശം മുതല്‍ റോഡിന്റെ ഇരുവശങ്ങളിലും മാന്നാർ കുറ്റിയില്‍ ജംഗ്ഷനിലും നില്‍ക്കുന്ന കൂറ്റൻ മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്. ഏതുനിമിഷവും കടപുഴകി വീഴാവുന്ന അവസ്ഥയിലുള്ളതാണ് ഇതില്‍ അധികവും.
ഭാരമേറിയ ചില്ലകള്‍ 11 കെവി ഹൈവോള്‍ട്ടേജ് ലൈനുകള്‍ക്ക് മുകളിലേക്ക് പടർന്നുനില്‍ക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ചെറിയൊരു കാറ്റിലോ മഴയിലോ പോലും ഇവ ഒടിഞ്ഞ് വൈദ്യുതി കമ്പികളിലേക്ക് വീഴാനും പോസ്റ്റുകള്‍ ഒടിയാനുമുള്ള സാധ്യത ഏറെയാണ്.
രാത്രികാലങ്ങളില്‍ കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഭീതിയോടെയാണ് ഈ പാതയിലൂടെ കടന്നുപോകുന്നത്.
കഴിഞ്ഞ ദിവസം രാത്രി ഈ പാതയിലൂടെ യാത്ര ചെയ്ത എണ്ണയ്ക്കാട് സ്വദേശി കൊയ്‌തോടത്ത് സന്തോഷ് ജോർജും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് അപകടമുണ്ടായിരുന്നു. വലിയൊരു ദുരന്തത്തില്‍ നിന്നാണ് കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടത്. ചെറിയ ഒരു കാറ്റ് വീശിയാല്‍ പോലും മരത്തിന്റെ ശിഖരങ്ങള്‍ പൊട്ടിവീഴുന്നത് ഈ ഭാഗത്ത് ഇപ്പോള്‍ പതിവായിരിക്കുകയാണ്.
അപകടഭീഷണിയെക്കുറിച്ച് നാട്ടുകാർ പലതവണ അധികൃതർക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. പരാതികള്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുമ്പോഴും യാത്രക്കാരുടെ ജീവൻ വെച്ച് പന്താടുകയാണ് ഉദ്യോഗസ്ഥരെന്നും ഒരു വലിയ ദുരന്തം നടന്നതിന് ശേഷം മാത്രമേ അധികൃതർ ഉണർന്നു പ്രവർത്തിക്കൂ എന്നുമാണ് നാട്ടുകാർ പറയുന്നത്.
മഴക്കാലം ആരംഭിക്കാനിരിക്കെ, അടിയന്തരമായി ഇടപെട്ട് ഈ മരങ്ങള്‍ മുറിച്ചുമാറ്റി സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐ ബുധനൂർ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
