തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കാർ മൂന്നു വർഷത്തിനിടെ നിയമം ലംഘിച്ചത് 18 തവണ.
മോട്ടോർ വാഹനവകുപ്പ് പിഴയായി ചുമത്തിയത് 13,250 രൂപ. പിഴയടയ്ക്കാൻ തയ്യാറാകാത്ത പാർട്ടി സെക്രട്ടറിയുടെ വാഹനത്തിനെതിരെ നടപടിയുമില്ല.
മുഖ്യമന്ത്രിസ്ഥാനം രാജിവച്ചശേഷം തലസ്ഥാനത്തെത്തിയ പിണറായി വിജയനെ ക്ലിഫ് ഹൗസിലെത്തിച്ചതും പാർട്ടി സെക്രട്ടറിയുടെ കെ.എല്‍ 01 സി.ആർ 4291 എന്ന ഇതേ ഇന്നോവ ക്രിസ്റ്റയിലാണ്. നിശ്ചിത സമയത്തിനുള്ളില്‍ പിഴയടയ്ക്കാത്തതിനാല്‍ രണ്ടു കേസുകള്‍ കോടതിക്ക് കൈമാറിയിട്ടുമുണ്ട്.
മുൻസീറ്റ് യാത്രക്കാരൻ സീറ്റ്ബെല്‍റ്റ് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതല്‍ തവണ എ.ഐ ക്യാമറ പിഴചുമത്തിയിട്ടുള്ളത്. 500 രൂപ വീതം 12 തവണ. എം.വി.ഗോവിന്ദൻ സീറ്റ്ബെല്‍റ്റ് ധരിക്കാതെ മുൻസീറ്റില്‍ ഇരിക്കുന്ന ചിത്രവും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
2025 ജനുവരിയില്‍ കോവളം- കാരോട് ദേശീയപാതയില്‍ യു.എസ്.ടി ജംഗ്ഷനു സമീപം 120 കിലോമീറ്റർ വേഗത്തില്‍ പാഞ്ഞതിനും പിഴ ചുമത്തിയിട്ടുണ്ട്. 2025 ഓഗസ്റ്റില്‍ കിളിമാനൂർ- കൊട്ടാരക്കര റോഡില്‍ അമിതവേഗത്തില്‍ പോയതിനും കേസുണ്ട്.
ശബ്ദമലിനീകരണമുണ്ടാക്കുന്ന നാലു ഹോണുകള്‍ ഘടിപ്പിച്ചതിനു 2023ല്‍ മോട്ടോർ വാഹനവകുപ്പും കേസെടുത്തിട്ടുണ്ട്. ഇതുവരെയും ഈ ഹോണുകള്‍ നീക്കം ചെയ്തിട്ടില്ല.
ഗ്ലാസുകളില്‍ കട്ടികൂടിയ കറുത്തഫിലിം പതിച്ചതിനും സിഗ്നല്‍ ലംഘിച്ചതിനും കേസ് വേറെയുമുണ്ട്. എ.കെ.ജി സെന്റർ ഓഫീസ് സെക്രട്ടറിയുടെ മൊബൈല്‍ നമ്പരാണ് വാഹനരേഖകളിലുള്ളത്.
