കൊച്ചി: വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് ധനകാര്യസ്ഥാപനം പൂട്ടിയിട്ട വീട്ടിനു മുന്നിൽ തീതിന്നു കഴിഞ്ഞ അമ്മയ്ക്കും രണ്ടുമക്കൾക്കും ആശ്വാസവുമായി ലുലു ഗ്രൂപ്പ്. കുടിശ്ശിക തുക അടച്ചുതീർത്ത് നാളെ തന്നെ വീട് കൈമാറുമെന്ന് ലുലു ഗ്രൂപ്പ് പ്രതിനിധി അറിയിച്ചു.
നോർത്ത് പറവൂർ വടക്കേക്കര കണ്ണെഴത് വീട്ടിൽ സന്ധ്യയും രണ്ട് മക്കളുമാണ് ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ് വീട് ജപ്തി ചെയ്തതിനെ തുടർന്ന് പെരുവഴിയിലായത്. ജപ്തി ചെയ്ത വീടിന് മുന്നിൽ എന്ത് ചെയ്യണം എന്നറിയാതെ കഴിഞ്ഞ കുടുംബത്തിന്റെ കഥ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസുഫലി ഇടപെട്ടത്.
ലോൺതുക മുഴുവൻ തങ്ങൾ അടക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഫോണില്‍ വിളിച്ച് എല്ലാ സഹായവും ഉറപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ലുലു ഗ്രൂപ്പിന്റെ വിളിയെത്തിയത്. ലൈഫ് ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്‍റെ നിർമ്മാണം പൂർത്തിയാക്കാൻ 2019ലാണ് കുടുംബം മണപ്പുറം ഫിനാൻസിൽനിന്ന് വായ്പയെടുത്തത്.
നാലുലക്ഷം രൂപയായിരുന്നു കടമെടുത്തത്. ഇപ്പോൾ പലിശയടക്കം എട്ടുലക്ഷത്തിലധികമാണ് തിരിച്ചടക്കാനുള്ളത്. രണ്ടുവർഷം മുൻപ് വരെ പ്രതിമാസ തിരിച്ചടവ് മുടങ്ങാതെ നൽകിയിരുന്നു. ഭർത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. തുണിക്കടയിൽ ജോലി ചെയ്യുന്ന സന്ധ്യ വീട്ടിൽ ഇല്ലാത്തിരുന്നപ്പോഴാണ് ജപ്തി നടന്നത്. വീട്ടിനകത്തെ സാധനങ്ങൾ പോലും എടുക്കാൻ കഴിഞ്ഞില്ല. കുഞ്ഞുങ്ങൾ സ്കൂൾ വിട്ടുവന്നപ്പോൾ വീടടച്ച് പൂട്ടി നോട്ടീസ് ഒട്ടിച്ച നിലയിലായിരുന്നു.
