Site icon Malayalam News Live

പാചകവാതക സിലിണ്ടറുകൾക്ക് വില കൂട്ടി; വിലവർധന പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത്, ഗാർഹിക സിലിണ്ടറുകൾക്ക് കൂട്ടിയത് 60 രൂപ

രാജ്യത്ത് പാചകവാത സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ സിലിണ്ടറുകളുടെ വില 115 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധനവ്. മാർച്ച് ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 29 രൂപ വർദ്ധിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില വർധിപ്പിച്ചത്.

പശ്ചിമേഷ്യൻ സംഘർഷം കണക്കിലെടുത്ത് എണ്ണക്കമ്പനികൾ ഊർജ്ജ വില വർദ്ധിപ്പിച്ചതിനെത്തുടർന്നാണ് വിലവർധനവ് ഉണ്ടായിരിക്കുന്നത്. 11 മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് വില വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് അവസാനമായി വില 50 രൂപ വർദ്ധിപ്പിച്ചത്. ഐഒസി വെബ്‌സൈറ്റ് പ്രകാരം, മുംബൈയിൽ സബ്‌സിഡിയില്ലാത്ത എൽപിജിയുടെ വില ഇപ്പോൾ 912.50 രൂപയും കൊൽക്കത്തയിൽ 939 രൂപയും ചെന്നൈയിൽ 928.50 രൂപയുമാണ്. കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 920 ആയി.

അതേസമയം, ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലവില്‍ ഇന്ധനക്ഷാമമില്ലെന്നും വിതരണം സുഗമമാണെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും വ്യക്തമാക്കി.

Exit mobile version