Site icon Malayalam News Live

ഗാര്‍ഹിക സിലിണ്ടറുകളുടെ തൂക്കം കുറക്കുമെന്നത് ഊഹാപോഹം; കിംവദന്തികളില്‍ വിശ്വസിക്കരുത്; റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രം

ഡല്‍ഹി: ഗാര്‍ഹിക സിലിണ്ടറുകളുടെ തൂക്കം കുറയ്ക്കുമെന്ന തരത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രം.

തൂക്കം കുറയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും കിംവദന്തികളില്‍ ആരും വിശ്വസിക്കരുതെന്നും പെട്രോളിയം മന്ത്രാലയം ജോയിന്‍ സെക്രട്ടറി സുജാത ശര്‍മ അറിയിച്ചു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം കാരണം ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം കുത്തനെ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഗാര്‍ഹിക എല്‍പിജിയുടെ അളവ് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിതരണ ശൃംഖലയിലെ തടസ്സം മൂലം വീടുകളിലേക്കുള്ള കണക്ഷനുകള്‍ മുടങ്ങാതിരിക്കാനാണ് നിലവിലെ ക്രമീകരണമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരങ്ങള്‍.

ഇന്ത്യയുടെ ആകെ പാചകവാതക ആവശ്യത്തിന്റെ 60 ശതമാനത്തോളം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതില്‍ വലിയൊരു ഭാഗവും എത്തുന്നത് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരവേ ഈ വഴിയുള്ള കപ്പല്‍ ഗതാഗതം കുത്തനെ കുറഞ്ഞിരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വളരെ കുറഞ്ഞ അളവില്‍ മാത്രമേ എല്‍പിജി ഇന്ത്യയില്‍ എത്തിയിട്ടുള്ളൂ. നിലവില്‍ പുതിയ കപ്പലുകളൊന്നും ഇന്ത്യന്‍ തീരത്തേക്ക് വരുന്നില്ലെന്നതും ആശങ്ക വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഗാര്‍ഹിക സിലിണ്ടറുകളുടെ അളവ് ക്രമീകരിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുന്നത്. ഈ റിപ്പോര്‍ട്ടുകളാണ് കേന്ദ്രം തള്ളിയിരിക്കുന്നത്.

Exit mobile version