പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടാഴ്ചയായി തുടരുന്ന പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു. സിലിണ്ടർ കിട്ടിയില്ലെങ്കിൽ വില കൂട്ടേണ്ടി വരുമെന്ന ആശങ്കയാണ് ഉടമകൾ പങ്ക് വയ്ക്കുന്നത്. ഇതിനിടെ സംസ്ഥാനങ്ങൾക്കുള്ള സിലിണ്ടർ വിഹിതം കേന്ദ്രസർക്കാർ 20 ശതമാനം കൂട്ടിയത് ഏത് രീതിയിൽ ഫലം കാണുമെന്നതാണ് വരും ദിവസങ്ങളിലെ ആകാംക്ഷ. ഹോട്ടലുകള്‍ പലതും ഇപ്പോഴും പൂട്ടിയ നിലയിലാണ്. പല ഹോട്ടലുകളിലും മെനു വെട്ടിചുരുക്കിയിരിക്കുകയാണ്. കൂടുതൽ ഗ്യാസ് ഉപയോഗം ആവശ്യമുള്ള ദോശ, പൊറാട്ട അടക്കമുള്ള ലൈവ് വിഭവങ്ങളാണ് കൂടുതലായി നിര്‍ത്തിയത്. കോഫി ഹൗസ് അടക്കമുള്ള ഹോട്ടലുകളിൽ വിറക് അടുപ്പുകള്‍ ഉപയോഗിച്ചും മെനു കുറച്ചുമാണ് പ്രതിസന്ധിയെ അതിജീവിക്കുന്നത്. പല ഹോട്ടലുകളും ഗ്യാസ് ലഭിക്കുമ്പോള്‍ തുറക്കുകയും പിന്നീട് തത്കാലത്തേക്ക് അടക്കുകയും ചെയ്യുന്ന സ്ഥിതിയമുണ്ട്.
അതേസമയം സിലിണ്ടര്‍ വിഹിതം വര്‍ധിപ്പിച്ചതോടെ സിലിണ്ടറുകൾ ലഭ്യമാക്കാൻ തിരക്കിട്ട നടപടികളുമായി ഹോട്ടലുകൾ മുന്നോട്ടു പോവുകയാണ്. 20 ശതമാനം സിലിണ്ടറുകൾ അനുവദിക്കാം എന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഹോട്ടൽ അസോസിയേഷൻ അറിയിച്ചു. സർക്കാർ ഉറപ്പിൻമേൽ നാളെ നടത്താനിരുന്ന പ്രതിഷേധം മാറ്റിവെച്ചു. കൊച്ചിയിൽ 70 ശതമാനം ഹോട്ടലുകളും അടഞ്ഞു കിടക്കുകയാണ്.
