Site icon Malayalam News Live

ലൗ ജിഹാദ് പരാമര്‍ശം: പി സി ജോര്‍ജിനെതിരെ പൊലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

ഇടുക്കി: ലൗ ജിഹാദ് പരാമർശത്തില്‍ ബിജെപി നേതാവ് പി സി ജോർജിനെതിരെ തൊടുപുഴയില്‍ പരാതി.

യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് ബിലാല്‍ സമദാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്.
കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിൻ്റെ പേരില്‍ രജിസ്റ്റർ ചെയ്തിട്ടില്ല.

പി സി ജോർജ് നടത്തുന്നത് കള്ള പ്രചരണം ആണെന്നും പരാതിയില്‍ പറയുന്നു. കേരളത്തില്‍ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നായിരുന്നു പി സി ജോർജിന്‍റെ പ്രസ്താവന. മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത്. ക്രിസ്ത്യാനികള്‍ 24 വയസിന് മുൻപ് പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണം.

യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കള്‍ പെരുമാറണമെന്നും പി സി ജോർജ് പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍ പിടികൂടിയ സ്ഫോടക വസ്തുക്കള്‍ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും പി സി ജോര്‍ജ് പറഞ്ഞു. പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു പി സി ജോർജ്.

മതവിദ്വേഷ പരാമർശ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പിസി ജോർജ്, കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് വീണ്ടും വിവാദ പ്രസംഗം നടത്തിയത്. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചർച്ചയില്‍ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്.

മതസ്പർധ വളർത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു പരാതി.

Exit mobile version