Site icon Malayalam News Live

ഇനി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവേറും; സ്വകാര്യ വാഹനങ്ങളില്‍ ഉച്ചഭാഷിണി നിരോധനം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണം സ്ഥാനാർത്ഥികള്‍ക്ക് അധിക സാമ്പത്തിക ഭാരം സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ ആശങ്ക. ഉച്ചഭാഷിണി ഉപയോഗിച്ച്‌ പ്രചാരണം നടത്തുമ്പോള്‍ ഇനി മുതല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതി ലഭിക്കില്ല.

കേരള പോലീസിന്റെ ‘തുണ’ സൈറ്റിലൂടെ അപേക്ഷിച്ചാല്‍ മാത്രമേ അനുമതി ലഭിക്കൂ, അതും ടാക്സി വാഹനങ്ങള്‍ക്കായി മാത്രം. മുൻപ് വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ച്‌ അനുമതി നല്‍കാറുണ്ടായിരുന്നു. ഈ മാറ്റം വന്നതോടെ സ്ഥാനാർത്ഥികള്‍ക്ക് കൂടുതല്‍ ചെലവേറിയ മാർഗങ്ങള്‍ സ്വീകരിക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണ്.

ടാക്സി വാഹനങ്ങള്‍ക്കാണ് ഇനി ഉച്ചഭാഷിണി ഘടിപ്പിച്ച്‌ പ്രചാരണത്തിന് അനുവാദം ലഭിക്കുക എന്ന തീരുമാനം രാഷ്ട്രീയ പാർട്ടികള്‍ക്ക് പ്രതിസന്ധിയാകുമ്ബോള്‍, ടാക്സി ഡ്രൈവർമാർ അതിനെ സ്വാഗതം ചെയ്യുകയാണ്.

ടാക്സി ഉടമകള്‍ക്ക് തിരഞ്ഞെടുപ്പ് കാലത്ത് കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാമെന്ന നിലയിലാണ് അവരുടെ പ്രതികരണം. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ പ്രചാരണം ജനങ്ങളിലേക്ക് എത്തിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെലവുകള്‍ അനാവശ്യമായി വർധിപ്പിക്കുകയും ചെയ്യുമെന്നും പാർട്ടികള്‍ പറയുന്നു.

ഇപ്പോഴത്തെ നിയമപ്രകാരം ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികള്‍ക്ക് പരമാവധി 25,000വും, ബ്ലോക്ക് പഞ്ചായത്ത് അല്ലെങ്കില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ സ്ഥാനാർത്ഥികള്‍ക്ക് 75,000വും, ജില്ലാ പഞ്ചായത്ത് അല്ലെങ്കില്‍ കോർപ്പറേഷൻ സ്ഥാനാർത്ഥികള്‍ക്ക് 1,50,000വും വരെയാണ് ചെലവഴിക്കാൻ അനുവാദമുള്ളത്.

വാഹന വാടകയും ഇന്ധനച്ചെലവും കൂടുമ്ബോള്‍ ഈ പരിധിക്കുള്ളില്‍ കണക്കുകൂട്ടി പ്രചാരണ ചെലവ് നിയന്ത്രിക്കുക സ്ഥാനാർത്ഥികള്‍ക്ക് വലിയ വെല്ലുവിളിയാകും. അതിനാല്‍, പുതിയ പൊലീസ് മാർഗ്ഗനിർദ്ദേശം പ്രചാരണരംഗത്ത് സാമ്ബത്തിക സമ്മർദം സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ പൊതുവായ അഭിപ്രായം

Exit mobile version